സോഷ്യല്‍മീഡിയയില്‍ വിലസുന്ന വ്യാജ കറന്‍സികളും കോയിനുകളും

June 24, 2019

നിത്യേന വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും വാര്‍ത്തകള്‍ക്കായി നാം ആശ്രയിക്കുന്നതും വാട്‌സ്ആപ്പിനെയും ഫെയ്‌സ്ബുക്കിനെയുമാണ്. എന്നാല്‍ പലപ്പോഴും വ്യാജ വാര്‍ത്തകളും നമ്മെ തേടിയെത്തുന്നു. വാര്‍ത്തകളുടെ സത്യാവസ്ഥ മനസിലാക്കാതെ നാമും ഇത്തരം ഫെയ്ക് ന്യൂസുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നു.

വ്യാജ വാര്‍ത്തയുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകളും കോയിനുകളുമൊക്കെ പുറത്തിറക്കി എന്ന തരത്തില്‍ നിരവധി വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ നമ്മുടെ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇതൊക്കെ വ്യാജ ചിത്രങ്ങളാണെന്ന് എത്രപേര്‍ക്കറിയാം. ആയിരത്തിന്റെയും അയ്യായിരത്തിന്റെയുമൊക്കെ പുതിയ നോട്ടുകള്‍ എന്ന ക്യാപ്ഷനോടെയാണ് പലപ്പോഴും ഇത്തരം വ്യാജ ചിത്രങ്ങള്‍ നമ്മെ തേടിയെത്തുക. ആര്‍ബിഐ പുറത്തിറക്കിയത് എന്ന തരത്തില്‍ ചില കോയിനുകളുടെ ചിത്രങ്ങളും ഇത്തരത്തില്‍ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.

അറുപത്, എഴുപത്തിയഞ്ച്, നൂറ്റിയന്‍പത്, ആയിരം തുടങ്ങിയ വിത്യസ്ത കോയിനുകളുടെ ചിത്രങ്ങളാണ് വാട്‌സ്ആപ്പ് വഴി പ്രചരിച്ചത്. ഇത്തരം കോയിനുകള്‍ വിനിമയം ചെയ്യാം എന്ന തരത്തിലുള്ള കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇവ വിനിമയത്തിനായി ഉപയോഗിക്കാറില്ല. ചില ഘട്ടങ്ങളില്‍ സ്മരണയ്ക്കായി നോട്ടുകള്‍ പുറത്തിറക്കാറുണ്ടെങ്കിലും അവയും വിപണിയില്‍ എത്താറില്ല. അത്തരം കോയിനുകള്‍ പുറത്തിറക്കുന്നത് ‘മിന്റ്’ ആണെന്നും ആളുകളുടെ താല്‍പര്യം അനുസരിച്ച് നല്‍കാറുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. അന്‍പത് രൂപയുടെ കോയിന് നാലായിരം രൂപ വരെ ഈടാക്കാറുണ്ട്.

ഇത്തരം വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും നമ്മുടെ ഫോണിലേക്കെത്തുമ്പോള്‍ മറ്റുള്ളവരിലേക്ക് ഫെയ്ക് ന്യൂസുകളും ഫെയ്ക് ചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക. ചിത്രങ്ങളുടെ സംശയം ദുരീകരിക്കാന്‍ ആര്‍ബിഐയുടെ ബെവ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. പുതുതായി ഇറക്കുന്ന നോട്ടുകളെയും നാണയങ്ങളെക്കുറിച്ചുമെല്ലാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ കൃത്യമായ അപ്‌ഡേഷനും ഉണ്ടായിരിക്കും.