മോദിയുടെ സത്യപ്രതിജ്ഞയല്ല ഒബാമ കണ്ടത് ഫുട്‌ബോള്‍; വ്യാജ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്

June 5, 2019

ഇന്ത്യന്‍ പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തിട്ട് ദിവസങ്ങളേ ആയുള്ളു. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരുചിത്രമുണ്ട്. ബരാക് ഒബാമ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിക്കുന്നു എന്ന തരത്തിലുള്ള ചിത്രമായിരുന്നു വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിച്ചിരുന്നത്. സച്ചിന്‍ ജീന്‍വാള്‍ എന്നയാളാണ് ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇതാണ് നരേന്ദ്ര മോദിയുടെ ശക്തി. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഒബാമ വീക്ഷിക്കുന്നു’ എന്ന ഒരു ക്യാപ്ഷനും ചിത്രത്തോടൊപ്പം കുറിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലാവുകയും നിരവധി പേര്‍ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.

ചിത്രത്തിനു പുറമെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിക്കുന്ന ജനങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രവും വീഡിയോയും വ്യാജമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഫോട്ടോഷോപ്പിലൂടെ വ്യാജമായി നിര്‍മ്മിച്ച ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


2014- ല്‍ ബരാക് ഒബാമ യുഎസ് പ്രസിഡന്‍റായിരുന്ന സമയത്ത് മിനാപോളിസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വച്ച് യുഎസ്എ- ജര്‍മ്മനി ലോകകപ്പ് മത്സരം വീക്ഷിക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ വ്യാജമാക്കി പ്രചരിച്ചത്. ന്യായോര്‍ക് ടൈംസ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഡൗഗ് മില്‍സ് എടുത്ത ഫോട്ടായാണ് ഇത്. അദ്ദേഹംതന്നെ ഈ ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

അതുപോലെതന്നെ യൂറോ 2016 സീസണില്‍ വെയില്‍സിനെതിരായ ഇംഗ്ലണ്ടിന്റെ ജയം ആഘോഷിക്കുന്ന ഫുട്‌ബോള്‍ പ്രേമികളുടെ വീഡിയോയാണ് മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ജനങ്ങള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിക്കപ്പെട്ടത്.

കാലം കുറച്ചേറെയായി ഇത്തരത്തില്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും എല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമൊക്കെ സത്യസന്ധമാണോയെന്ന് വിലയിരുത്തുന്നതും നല്ലതാണ്.