ഫുൾജാർ സോഡയിൽ കലർത്തിയ ഈദ് ആശംസകൾക്ക് പിന്നിലെ കലാകാരനെ കണ്ടെത്തി സോഷ്യൽ മീഡിയ
കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ താരമാണ് ഫുൾജാർ സോഡ. ഈദ് ആശംസപോലും സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെച്ചത് ഫുൾജാർ സോഡയിലൂടെയാണ്. ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ഷെയർ ചെയ്യപ്പെട്ട ഈ മനോഹര ചിത്രത്തിന് പിന്നിലെ കലാകാരനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ജുനൈദ് മമ്പാട് എന്ന കലാകാരനാണ് ഫുൾജാർ സോഡയിൽ കലർത്തിയ മുഹബത്തിന്റെ ഈ ഈദ് ആശംസകൾക്ക് പിന്നിൽ. എന്തായാലും ഈ കലാകാരന് അഭിന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്.
കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം എന്നു വേണമെങ്കിലും ഫുള്‍ജാര്‍ സോഡയെ വിശേഷിപ്പിക്കാം. പേരിലും കാഴ്ചയിലും എന്തായാലും ഒരല്‍പം കൗതുകമുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.
ഒരു വലിയ ഗ്ലാസും അതില്‍ ഇറക്കിവെയ്ക്കാന്‍ പറ്റുന്ന ചെറിയൊരു ഗ്ലാസുമാണ് ഫുള്‍ജാര്‍ സോഡയുടെ മുഖ്യ ആകര്‍ഷണം. വലിയ ഗ്ലാസില്‍ സോഡ നിറയ്ക്കുന്നു. ചെറിയ ഗ്ലാസിലാകട്ടെ പ്രത്യകം തയാറാക്കിയിരിക്കുന്ന രുചിക്കൂട്ടും. നാരങ്ങാ, ഇഞ്ചി, കാന്താരി, കസ്‌കസ്, പുതിന ഇല, പഴങ്ങളുടെ ഫ്‌ലേവര്‍, കറുവപ്പട്ട, തേന്‍, ഉപ്പ്, പഞ്ചസാര എന്നിങ്ങനെ നീളുന്നു ഫുള്‍ജാര്‍ സോഡയിലെ രസക്കൂട്ട്.
Read also: തിയേറ്റർ വിട്ടിറങ്ങിയാലും കൂടെക്കൂടും ഈ തൊട്ടപ്പനും മകളും; റിവ്യൂ വായിക്കാം..
രസക്കൂട്ട് അടങ്ങിയ ചെറിയഗ്ലാസ് സോഡയുള്ള വലിയ ഗ്ലാസിലേക്ക് ഇടുമ്പോഴേക്കും പതഞ്ഞു പൊങ്ങുന്നതു കാണാനും നല്ല രസമാണ്. ഇത് ഒറ്റവലിക്ക് തന്നെ കുടിച്ചു തീര്‍ക്കുന്നതാണ് കൂടുതല്‍ രുചികരമെന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്തായാലും കേരളത്തിലാകെ തരംഗമായിരിക്കുകയാണ് ഫുള്‍ജാര്‍ സോഡകള്‍. ഫുള്‍ജാര്‍ സോഡയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരും ഇതുപയോഗിച്ച് വീഡിയോകളും ടിക് ടോക്കുമൊക്കെ ചെയ്യുന്നവരും നിരവധിയാണ്. എന്തായാലും കേരളത്തിൽ അവതരിച്ച ഈ പുതുപാനീയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.