‘ഇതല്ല, ഇതിനപ്പുറം കണ്ടവനാണീ ഞാൻ’; ചിരിപടർത്തി ഇന്ദ്രൻസ്, വീഡിയോ
സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾക്ക് തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാരവിദഗ്ധനായി മലയാള സിനിമയുടെ ഭാഗമായി എത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോകസിനിമയുടെ നെറുകയിലാണ്…അഭിനയ മോഹവുമായി വർഷങ്ങളോളം സിനിമയുടെ ഭാഗമായി നടന്നെങ്കിലും വന്നു ചേർന്നതൊക്കെ കോമഡി രംഗങ്ങൾ മാത്രമായിരുന്നു…പിന്നീട് വർഷങ്ങൾ വേണ്ടിവന്നു ഈ വലിയ നടനെ മലയാള സിനിമയ്ക്ക് തിരിച്ചറിയാൻ.
ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ “ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്ടർ ബിജു ചിത്രം വെയിൽ മരങ്ങൾ. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്ലറ്റ് ‘ പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.
നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ദ്രൻസ് വെയിൽമരങ്ങളിലൂടെ ആ അംഗീകാരത്തിന് അർഹനായി… പുരസ്കാരം വാങ്ങിക്കാൻ എത്തിയപ്പോൾ ഷാങ്ഹായിയിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ ഉണ്ടായ രസകരമായ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്.
ഭക്ഷണം കഴിക്കാൻ ചോപ്സ്റ്റിക്ക് നൽകിയപ്പോൾ അത് ഉപയോഗിക്കാൻ അറിയാതെ താൻ വലഞ്ഞ അനുഭവമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഹോട്ടൽ ജീവനക്കാരൻ അദ്ദേഹത്തിന്റെ അടുത്തെത്തി അത് ഉപയോഗിക്കാൻ പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’ എന്ന അടിക്കുറുപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.