പരുക്കേറ്റ നായ ഓടിയെത്തിയത് മെഡിക്കല്‍ ഷോപ്പില്‍; ചികിത്സ നല്‍കി ഫാര്‍മസിസ്റ്റ്: സ്‌നേഹവീഡിയോ

June 25, 2019

രസകരവും കൗതുകകരവുമായ പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു തെരുവു നായയും ഫാര്‍മസിസ്റ്റുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ബനു സെനിസിന്റെ കടയിലേക്ക് ചെല്ലുകയായിരുന്നു പരിക്കേറ്റ നായ. ഫാര്‍മസിസ്റ്റ് ചികിത്സയും നല്‍കി.

മൃഗസ്‌നേഹിയാണ് ബനു സെനിസ്. ഇവരുടെ മെഡിക്കല്‍ ഷോപ്പിനോട് ചേര്‍ന്ന് തെരുവു നായകള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്. പല നായകളും ഇവിടെ വിശ്രമിക്കാന്‍ എത്താറുമുണ്ട്. എന്നാല്‍ പരിക്കേറ്റ നായ വിശ്രമസ്ഥളം ഉപയോഗിക്കാതെ സഹായവും കാത്ത് വാതില്‍ക്കല്‍തന്നെ നിന്നു. ഇതുകണ്ട ബനു സെനിസ് നായയെ സൂക്ഷിച്ചൊന്നു നോക്കി. നായയുടെ കൈപ്പത്തിയിലുണ്ടായ മുറിവില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു.

Read more:‘സിനിമ സ്വപ്നം കാണുന്ന മക്കളുള്ള എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ചിത്രം’; ‘ആന്‍ഡ് ദ് ഓസ്കാർ ഗോസ് ടു’ വിനെക്കുറിച്ച് മാല പാർവതി

ഇതുകണ്ട ഉടനെ ബനു സെനിസ് മുറിവ് വൃത്തിയാക്കി മരുന്ന് പുരട്ടി. അതുകഴിഞ്ഞപ്പോള്‍ നന്ദി സൂചകമായി ആ നായ കിടന്നു. തെരുവുനായ മെഡിക്കല്‍ ഷോപ്പിലേക്ക് എത്തുന്നതും സഹായത്തിനായി കാത്തു നില്‍ക്കുന്നതും ഫാര്‍മസിസ്റ്റ മരുന്നു പുരട്ടുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട്. നിരവധി പേരാണ് ഈ അപൂര്‍വ്വ സ്‌നേഹ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതും.