ഹൃദയംതൊട്ട് ‘നാന് പെറ്റ മകനി’ലെ വിപ്ലവഗാനം
എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘നാന് പെറ്റ മകന്’. സജി പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നാന് പെറ്റ മകന് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. അഭിമന്യുവിന്റെ ജീവിതത്തെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രത്തിലെ ഒരു വിപ്ലവ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ജൂണ്‍ 21 ന് തീയറ്ററുകളിലെത്തും.
ഓര്‍മ്മകള്‍ വേണം എന്നു തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ പ്രേക്ഷക മനസുകളില്‍ ഇടം നേടിക്കഴിഞ്ഞു. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിപ്സവ വീര്യത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. എങ്കിലും അഭിമന്യുവിന്റെ വേര്‍പാടിന്റെ നോവുണര്‍ത്തുന്നുണ്ട് ഈ ഗാനം. അതേസമയം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ ജീവിതം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ഈ ഗാനം എന്നും പലരും അഭിപ്രായപ്പെടുന്നു.
അതേസമയം ചിത്രത്തിലെ മറ്റൊരു ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘മുറിവേറ്റു വീഴുന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭ്യുമന്യുവിന്റെ തീരാനഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ഗാനം. മുരുകന് കാട്ടാക്കടയുടേതാണ് ഈ ഗാനത്തിലെ വരികള്‍. പുഷ്പവതിയാണ് ആലാപനം. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
Read more:ലിജോയുടെ മാജിക്കും മാഡ്നെസ്സും; ‘ജല്ലിക്കെട്ട്’
ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. ഗാനരംഗത്തെ മിനോണിന്റെ അഭിനയത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്. 2012 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മിനോണ്‍ നേടിയിട്ടുണ്ട്.
ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന് പെറ്റ മകന്’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാരാജാസ് കോളേജിലും അഭിമന്യൂവിന്റെ നാടായ വട്ടവടയിലുമാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.