തെലുങ്കിലേക്കും അരങ്ങേറ്റംകുറിക്കാനൊരുങ്ങി പ്രിയ പ്രകാശ് വാര്യര്‍

June 24, 2019

‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയ പ്രകാശ് വാര്യര്‍ തെലങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നിതിന്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പ്രിയ പ്രകാശ് വാര്യര്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും നടന്‍ നിതിന്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. യെലേടി ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാകുല്‍ പ്രീത് സിങും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കീരവാണി ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നു.

ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലേക്കും പ്രിയ പ്രകാശ് വാര്യര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പ്രശാന്ത് മാമ്പള്ളി സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന.


അതേസമയം മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു പ്രിയ പ്രകാശ് വാര്യര്‍. ‘ഫൈനല്‍സ്’ എന്ന ചിത്രത്തിലെ ‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’. പ്രിയയുടെ ആലാപന മികവിനെ പ്രശംസിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കൈലാസ് മേനോനാണ് ഫൈനല്‍സ് എന്ന സിനിമയുടെ സംഗീത സംവിധായകന്‍.

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ‘ഫൈനല്‍സ്’. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.