ഫുൾജാർ സോഡയ്ക്ക് പിന്നാലെ തരംഗമായി റെയിൻബോ ചായ

June 18, 2019

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ താരമാണ് ഫുൾജാർ സോഡ. എന്നാൽ ഇപ്പോൾ ഫുൾ ജാറിന് പിന്നാലെ ബംഗ്ലാദേശിൽ നിന്നും ഒരു പുതിയ സംഗതി കൂടി എത്തിയിട്ടുണ്ട്. റെയിൻബോ ചായ. ഒരു ഗ്ലാസിൽ ഏഴ് നിറത്തിലുള്ള ചായകൾ. കാണുമ്പോൾ തന്നെ ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ് റെയ്‌ൻബോ ചായ. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലാണ് ഈ ചായയുടെ ഉത്‌ഭവം. റൊമോഷ് റാം ഗൗർ എന്ന യുവാവാണ് ഈ ചായക്ക് പിന്നിൽ. ഇതിലെ ഓരോ കളർ ലെയറിനും ഓരോ രുചിയാണെന്നതാണ് ഏറെ ശ്രദ്ധേയം.

പത്ത് വര്ഷത്തോളമായി റോമോഷ് വിറ്റുവരുന്ന ഈ ചായയുടെ രുചിക്കൂട്ട് പക്ഷെ അദ്ദേഹം അധികമാർക്കും വെളിപ്പെടുത്തിയിട്ടില്ല.  എഴുപത് രൂപയാണ് ഒരു ചായയുടെ  വില. എന്തായാലും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ റെയിൻ ബോ ചായ അന്വേഷിച്ച് നിരവധി ആളുകളാണ് എത്തുന്നത്.

Read also: സച്ചിൻ വാര്യർ വിവാഹിതനായി; ചിത്രങ്ങൾ കാണാം

അതേസമയം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരം ഫുൾജാർ സോഡ തന്നെയാണ്. ഇതുപയോഗിച്ച് വീഡിയോകളും ടിക് ടോക്കുമൊക്കെ ചെയ്യുന്നവരും നിരവധിയാണ്. ഒരു വലിയ ഗ്ലാസും അതില്‍ ഇറക്കിവെയ്ക്കാന്‍ പറ്റുന്ന ചെറിയൊരു ഗ്ലാസുമാണ് ഫുള്‍ജാര്‍ സോഡയുടെ മുഖ്യ ആകര്‍ഷണം. വലിയ ഗ്ലാസില്‍ സോഡ നിറയ്ക്കുന്നു. ചെറിയ ഗ്ലാസിലാകട്ടെ പ്രത്യകം തയാറാക്കിയിരിക്കുന്ന രുചിക്കൂട്ടും. നാരങ്ങാ, ഇഞ്ചി, കാന്താരി, കസ്‌കസ്, പുതിന ഇല, പഴങ്ങളുടെ ഫ്‌ലേവര്‍, കറുവപ്പട്ട, തേന്‍, ഉപ്പ്, പഞ്ചസാര എന്നിങ്ങനെ നീളുന്നു ഫുള്‍ജാര്‍ സോഡയിലെ രസക്കൂട്ട്.

രസക്കൂട്ട് അടങ്ങിയ ചെറിയഗ്ലാസ് സോഡയുള്ള വലിയ ഗ്ലാസിലേക്ക് ഇടുമ്പോഴേക്കും  പതഞ്ഞു പൊങ്ങുന്നതു കാണാനും നല്ല രസമാണ്. ഇത് ഒറ്റവലിക്ക് തന്നെ കുടിച്ചു തീര്‍ക്കുന്നതാണ് കൂടുതല്‍ രുചികരമെന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്തായാലും കേരളത്തിലാകെ തരംഗമായിരിക്കുകയാണ് ഫുള്‍ജാര്‍ സോഡകള്‍. അതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ നിന്നും കേരളത്തിലേക്ക് റെയ്ൻ ബോ ചായയും എത്തുന്നത്.