ലോകകപ്പ്; ടോസ് നേടി സൗത്ത് ആഫ്രിക്ക; ആദ്യം എറിഞ്ഞു വീഴ്ത്താന്‍ ഒരുങ്ങി ഇന്ത്യ
ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. 2019 ലോകകപ്പിലെ രണ്ട് മത്സരങ്ങളിലും തോല്‍വി സമ്മതിച്ച ദക്ഷിണ ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു.
അതേസമയം രണ്ട് മത്സരങ്ങളില്‍ പരാജയം നേരിടേണ്ടി വന്നു എന്നു കരുതി ദക്ഷിണ ആഫ്രിക്കയെ വെറുതെ എഴുതിതള്ളാനാവില്ല. ഇന്ത്യയ്ക്ക് ശക്തമായ എതിരാളികള്‍ തന്നെയാണ് ദക്ഷിണ ആഫ്രിക്ക
മൂന്നാം മത്സരത്തില്‍ തോല്‍ക്കരുതെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ദക്ഷിണ ആഫ്രിക്കയും ഇന്ന് പോരാട്ടത്തിനിറങ്ങുക. പേസര്‍ കഗിസോ റബാഡയും ദക്ഷിണാഫ്രിക്കയുടെ വജ്രായുധം. ഇമ്രാന് താഹിറും ടീമിന് പ്രതീക്ഷ പകരുന്നു.
നായകന് വിരാട് കോഹ്ലി തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ തുറുപ്പ് ചീട്ട്. പതിവ് തെറ്റിക്കാതെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇരുവര്‍ക്കും മികച്ച തുടക്കം ടീമിന് സമ്മാനിക്കാനായാല് ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം. സന്നാഹ മത്സരത്തിലൂടെ കെഎല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് എത്തുമെന്ന കാര്യത്തിലും ഉറപ്പായിട്ടുണ്ട്.
ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിര ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. അതോടൊപ്പം തന്നെ ഹാര്‍ദിക് പാണ്ഡ്യയിലും ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. എന്തായാലും ഇന്നത്തെ മത്സരം കാണികള്‍ക്ക് ഏറെ ആവേശകരമാകുമെന്ന് ഉറപ്പ്.
അതേസമയം അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ജൂലൈ 14ഓടുകൂടിയാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുക.
ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.
അതേസമയം ടൂര്ണമെന്റില്ആതിഥേയരായ ഇംഗ്ലണ്ടും, ഐ സി സി വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുള്‍പ്പെടെ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.