സോഷ്യല്‍ മീഡിയയിലാകെ ‘മഞ്ഞ ബള്‍ബുകള്‍ മിന്നി കത്തുമ്പോള്‍….’ വീഡിയോ
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ടിക് ടോക്കില്‍ ഇപ്പോള്‍ തരംഗമാകുകയാണ് കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിലെ ബാബ്വേട്ടാ ഗാനം.
ഗാനത്തിലെ ‘മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നി മിന്നി കത്തുമ്പോള്‍ …’ എന്ന ഭാഗത്തിനാണ് പലരും ടിക് ടോക്കില്‍ വിത്യസ്ത അവതരണവുമായെത്തുന്നത്. പാട്ടിലെ വരികള്‍ പോലെ ബള്‍ബുകള്‍ മിന്നി കത്തിച്ചു തന്നെയാണ് പലരുടെയും പ്രകടനം എന്നതാണ് ആറെ കൗതുകകരം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആകെ മിന്നി കത്തുകയാണ് ഈ മഞ്ഞ മഞ്ഞ ബള്‍ബുകള്‍.
ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിലെ ഈ ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലന് വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ‘ബാബ്വേട്ടാ…’ ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരയണന്റേതാണ്. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read more:റഷ്യന്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പുരസ്കാരം
ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016 ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.
അതേസമയം ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്തിടെയാണ് പിന്‍വലിച്ചത്. ഇതോടെ ആപ്ലിക്കേഷന്‍ വീണ്ടും സജീവമായി. എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ പാടില്ലെന്നുള്ള കര്‍ശന ഉപോധികളോടെയാണ് ആപ്ലിക്കേഷന്റെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. അശ്ലീല വീഡിയോകള്‍ ടിക് ടോക് ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ വിലക്ക് നീക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. അതേസമയം അശ്ലീല ദൃശ്യങ്ങളും പുതു തലമുറയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഇനി ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരോധനം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നു.