റിലീസ് മാറ്റിവയ്ക്കില്ല; ‘വൈറസ്’ നാളെ തീയറ്ററുകളിലേയ്ക്ക്

June 6, 2019

കേരളത്തില്‍ വീണ്ടും നിപാ വൈറസ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. അതേസമയം നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറസ്’ എന്ന ചിത്രം നാളെ തീയറ്ററുകളിലെത്തും. നിപാ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുമോ എന്ന കാര്യത്തില്‍ പലരിലും സംശയം ഉയര്‍ന്നിരുന്നു. ചിത്രം ആളുകളില്‍ ഭീതിയുണര്‍ത്തുമെന്ന് ചിലര്‍ അവകാശപ്പെട്ടപ്പോള്‍ അവബോധം സൃഷ്ടിക്കാന്‍ ചിത്രം സഹായിക്കുമെന്നും ചിലര്‍ വാദിച്ചു. എന്തായാലും ‘വൈറസ്’ നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ ജൂണ്‍ 7 ന് തീയറ്ററുകളിലെത്തും.

ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന്‍ പൊലിഞ്ഞവരെയും. കേരളത്തില്‍ വീണ്ടും നിപ്പ സ്ഥീരീകരിച്ച സാഹചര്യത്തില്‍ ‘വൈറസ്’ എന്ന സിനിമയുടെ പ്രചരണ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചു.

അതേസമയം പ്രേക്ഷകന്റെ ഉള്ളുലച്ച്, ഭയം നിറച്ചാണ് വൈറസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നുകയറിയിരുന്നു ഈ ട്രെയ്‌ലര്‍. നിരവധി പേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്രെയ്‌ലറിനു പിന്നാലെ നിരവധി പേര്‍ നിപാ കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നിപാ കാലത്തിന്റെ പച്ചയായ ഓര്‍മ്മപ്പെടുത്തലാണ് വൈറസ് എന്ന് സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

Read more:യോഗാ ദിനം ആനിമേറ്റഡ് ത്രികോണാസന വീഡിയോയുമായി പ്രധാന മന്ത്രി

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ട്രെയ്‌ലറില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.