രൂപത്തിലും ഭാവത്തിലും അതിശയിപ്പിച്ച് മനോജ് കെ ജയന്‍; ‘എവിടെ’യിലെ ഗാനം ശ്രദ്ധേയമാകുന്നു

July 1, 2019

മലയാളചലച്ചിത്ര ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘എവിടെ’. കെ കെ രാജീവ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനും ആശാ ശരത്തുമാണ് ‘എവിടെ’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം.

എവിടെ എന്ന സിനിമയിലെ ‘ചന്ദമിണങ്ങിയ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കെ ജയകുമാറിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മനോജ് കെ ജയന്‍, നിഖില്‍ മാത്യു, അമല്‍ ആന്റണി, റീന മുരളി, മൃദുല വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലാപനം. മനോജ് കെ ജയന്റെ തികച്ചും വിത്യസ്തമായ ലുക്കും വേറിട്ട ഭാവവുമാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം.

സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാതാവുന്നതും തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സിംഫണി സക്കറിയ ആയി വേഷമിടുന്നത് മനോജ് കെ ജയനാണ്.

Read more:ഈ ചിത്രത്തില്‍ മൂന്നുപേരുണ്ട്’; മകന്റെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സര്‍പ്രൈസ്‌ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ആകാംഷയും സസ്‌പെന്‍സുമെല്ലാം നിറച്ച് ‘എവിടെ’ എന്ന സിനിമയുടെ ട്രെയ്‌ലറും അടുത്തിടെ പുറത്തിറങ്ങിയിരിന്നു.

അതേസമയം ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ അവസാന ചിത്രം ‘ഉയരെ’യാണ്. പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം.