ഇഷ്ടതാരത്തിന് മുന്നിൽ കൈയടിനേടി ആരാധകൻ; വീഡിയോ

July 7, 2019

മലയാളക്കരയുടെ മുഴുവൻ ആവേശമാണ് മമ്മൂട്ടി. തങ്ങളുടെ പ്രിയപ്പെട്ട ഈ നടനെ ഒന്നടുത്ത് കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹവുമായി ആരാധകനായ‍ ഹക്കീം പട്ടേപ്പാടം ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയത്.

തങ്ങളുടെ ഇഷ്ടതാരങ്ങളോടുളള ആരാധന വ്യത്യസ്ത രീതികളിലാണ് പലപ്പോഴും ആരാധാകർ ചെയ്യാറ്. ‘ ഇക്കാനെ ഒന്ന് കാണണം, ഇക്കാന്‍റെ സിനിമയിലെ ഒരു ഡയലോഗ് അവതരിപ്പിക്കണം’ ഇതായിരുന്നു ഹക്കീമിന്‍റെ ആവശ്യം. ഇതറിഞ്ഞ താരം ഹക്കീമിനെ  അടുത്ത് വിളിച്ച് സംസാരിച്ച ശേഷം ആഗ്രഹം സാധിക്കാനുള്ള അവസരവും നല്‍കി.

മമ്മൂട്ടി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച ദാദാസാഹിബ് എന്ന ചിത്രത്തിലെ ഒരു  ഹിറ്റ് ഡയലോഗാണ് ഹക്കീം മമ്മൂട്ടിയുടേയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അവതരിപ്പിച്ചത്. ഇതോടെ വേദിയൊന്നാകെ ഹക്കീമിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടി നൽകി.

അതേസമയം പതിനെട്ടാം പടിയാണ് മമ്മൂട്ടിയുടേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘മാമാങ്ക’മാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. വടക്കൻ വീരഗാഥയിലെ ചന്തുവിനേയും പഴശ്ശിരാജയെയും അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു ചരിത്ര പുരുഷനായി സ്‌ക്രീനിലെത്തുമ്പോൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘മാമാങ്ക’ത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വനാണ് അടുത്ത മമ്മൂട്ടി ചിത്രം. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രവും ഉടനെ ഒരുങ്ങും.പുത്തൻ ലുക്കിൽ മമ്മൂക്ക എത്തുന്ന ചിത്രവും അജയ് വാസുദേവ് നേരത്തെ പങ്കുവെച്ചിരുന്നു. മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അജയ് വാസുദേവ് അറിയിച്ചിരുന്നു.