മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട് അരനൂറ്റാണ്ട്; പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ച് ഗൂഗിള്‍

July 19, 2019

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ടുകുന്നു. ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയിലാണ് ഗൂഗിളും. ജൂലൈ 21 നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. മനുഷ്യന്റെ ഈ വിജയക്കുതിപ്പ് പ്രത്യേകം തയാറാക്കിയ ഡൂഡിലില്‍ ഗൂഗിള്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു.

അപ്പോളോ മിഷന്‍ എന്ന ചാന്ദ്ര ദൗത്യം തങ്കലിപികളാല്‍ കുറിക്കപ്പെട്ട ചരിത്രമാണ്. 1969 ജൂലൈ 20നാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയത്. മനുഷ്യന്റെ ഈ ചരിത്ര നേട്ടത്തിന് അമ്പത് വയസാകുന്നു. പകരം വയ്ക്കാനില്ലാത്ത ചരിത്ര നേട്ടത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബഹിരാകാശ യാത്രികനും അപ്പോളോ 11 എന്ന ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റുമായിരുന്ന മൈക്കിള്‍ കോളിന്‍സ് ആണ് ഗൂഗിള്‍ തയാറാക്കിയിരിക്കുന്ന ഡൂഡില്‍ വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളെല്ലാം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ഈ ആനിമേഷന്‍ വീഡിയോയിലൂടെ.

Read more:എന്തൊരു കോണ്‍ഫിഡന്‍സാണ്…!; ഈ അമ്മയുട ഇംഗ്ലീഷിന് സോഷ്യല്‍മീഡിയയുടെ കൈയടി

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ജൂലൈ 16 നാണ് അപ്പോളോ 11 നെയും വഹിച്ചുകെണ്ടുള്ള സാറ്റെണ്‍ വി റോക്കറ്റിന്റെ വിക്ഷേപണം. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ജൂലൈ 20 ന് അപ്പോളോ 11 ചന്ദ്രനില്‍ ഇറങ്ങി. തുടര്‍ന്ന് ജൂലൈ 21 നാണ് നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയത്. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തില്‍ കൊളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24 ന് മൂന്നുപേരും തിരികെ ഭൂമിയിലെത്തി. ഗൂഗിള്‍ ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ഈ സംഭവങ്ങളെല്ലാം ആനിമേഷന്‍ വീഡിയോ രൂപത്തില്‍ ആസ്വദിക്കാം.