പ്രളയദുരിതത്തിലും സ്വർണത്തിലേക്ക് ഓടിക്കേറി ദിങ് എക്സ്പ്രസ്
ചില വാര്‍ത്തകള്‍ പകരുന്ന സന്തോഷം ചെറുതല്ല. ഹിമ ദാസ് എന്ന അത്ലറ്റിന്റെ വാര്‍ത്തയും ഹൃദയം നിറയ്ക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രളയദുരിത കാഴ്ചകള്ക്കൊണ്ടായിരുന്നു അസാം വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍ അസാമിനെക്കുറിച്ച് പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് ഹിമ ദാസിനെക്കുറിച്ചുള്ളത്. 15 ദിവസത്തിനുള്ളിൽ നാലാമത്തെ സ്വർണമെഡൽ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് ദിങ് എക്സ്പ്രസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന യുവ അത്ലറ്റ് ഹിമ ദാസ്.
ചെക് റിപ്പബ്ലിക്കിൽ നടന്ന താബോർ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്ററിലാണ് ഹിമ ഒന്നാമത് എത്തിയത്. 23.25 സെക്കന്റില്‍ ദിങ് എക്സ്പ്രസ്സ് ഫിനിഷിങ് ലൈനിൽ എത്തിച്ചേർന്നു. 23.43 സെക്കൻഡ്സിൽ ഹിമയുടെ പിന്നാലെ ഫിനിഷ് ചെയ്തത് ഇന്ത്യയുടെ യുവ അത്ലറ്റ് വി.കെ.വിസ്മയ ആണെന്നത് ഇന്ത്യയുടെ ആഘോഷത്തിന്റെ തിളക്കം കൂട്ടി.
ജൂലൈ 2 ന് തുടക്കമിട്ട ഈ മെഡൽ വേട്ട ഹിമ തുടരുകയാണ്. ഓരോ മത്സരത്തിലും ഈ 19 വയസ്സുകാരിയുടെ വേഗപ്പോരാട്ടം തിളങ്ങി നിൽക്കുന്നത് ഇന്ത്യൻ അത്ലറ്റിക്ക് മേഖലയ്ക്ക് പുതിയൊരു ഊർജം ആണ് നൽകുന്നത്.
പോളണ്ടിലെ പോസ്നൻ അത്ലറ്റിക്സ് ഗ്രാൻഡ് പിക്സിൽ 200 മീറ്ററിൽ 23.65 സെക്കന്റുകൊണ്ട് ഓടിയെത്തിയ ഹിമ സ്വർണനേട്ടത്തോടെ ചരിത്രം കുറിച്ചു, തുടർന്നു ജൂലൈ 7 ന് കുറ്റ്നോ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിൽ 23.97 സെക്കിക്കന്റില് ഫിനിഷ് ചെയ്ത് തൻ്റെ സ്വർണനേട്ടം 2 ആക്കി ഉയർത്തി.
ഇതിനു ശേഷം ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ക്ളാഡ്നോ അത്ലറ്റിക്സ് മീറ്റിൽ 23.43 സെക്കന്റിൽ ഓടിയെത്തിയ ഹിമ സ്വർണനേട്ടം 3 ആക്കി.
എന്നാൽ തൻ്റെ പ്രിയപ്പെട്ട ഇനമായ 400 മീറ്ററിലും , ക്വാർട്ടർമൈൽ ഇനത്തിലും, 200 മീറ്ററിലും ലോക ചാമ്പ്യൻഷിപ്പിന് ഹിമയ്ക്ക് യോഗ്യത നേടിയെടുക്കാൻ ഇതുവരെ സാധിച്ചട്ടില്ല. ലോക ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ സമയം 200 മീറ്ററിൽ 23.02 ഉം 400 മീറ്ററിൽ 51.80 ഉം ആണ്.
പുരുഷന്മാരുടെ 400 മീറ്ററിൽ മുഹമ്മദ് അനസ് 45.40 സെക്കൻഡിൽ ഫീൽഡിൽ വിജയിച്ചു. ടോം നോവ നിർമ്മൽ 46.59 സീസണിലെ മികച്ച പരിശ്രമവുമായി രണ്ടാം സ്ഥാനത്തെത്തി. കെ എസ് ജീവൻ 46.60 ൽ മൂന്നാം സ്ഥാനത്തും എം പി ജാബിർ 47.16 ൽ നാലാമതുമാണ്.
ജൂലൈ 13 ന് ക്ളാഡ്നോയിൽ വച്ച് നടന്ന മത്സരത്തിൽ അനസ് തൻ്റെ തന്നെ 400 മീറ്റർ ദേശീയ റെക്കോർഡ് മെച്ചപെടുത്തി ഒരു സ്വർണം നേടുകയും 45.21 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.