വീണ്ടും സ്വർണത്തിളക്കത്തിൽ ഹിമ ദാസ്

July 21, 2019

400 മീറ്റർ മത്സരത്തിൽ സ്വർണത്തിളക്കവുമായി ഹിമ ദാസ്. ഇതോടെ മൂന്ന് ആഴ്ചക്കുള്ളിൽ തന്റെ സ്വർണവേട്ട അഞ്ച് ആക്കി ഉയർത്തിയിരിക്കുകയാണ് ദിങ് എക്സ്പ്രസ്സ് എന്ന ഹിമ ദാസ്. ഇതിനു മുമ്പ് ഈ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റിലായിരുന്നു ഹിമ 400 മീറ്ററിൽ മത്സരിച്ചത്, പക്ഷെ അന്ന് പേശീവലിവ് മൂലം മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.

ചെക്ക് റിപ്പബ്ലിക്കിൽ ശനിയാഴ്‌ച നടന്ന 400 മീറ്റർ മത്സരത്തിൽ 52 .09 സെക്കൻഡിൽ ഓടിയെത്തിയതോടെയാണ് ഹിമ തൻ്റെ സ്വർണനേട്ടം അഞ്ച് ആക്കി ഉയർത്തിയത്. 400 മീറ്റർ ഓട്ടത്തിൽ ഇത് ഹിമയുടെ ഈ സീസണിലെ  മികച്ച സമയമാണ്. ഇതിനു മുമ്പ് വരെ 52.88 സെക്കൻഡ്സ് ആയിരുന്നു ഈ സീസണിലെ മികച്ച സമയം. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ അത്ലറ്റിക്സ് മീറ്റിൽ കുറിച്ച 50.79 സെക്കൻഡ്സ് ആണ് ഹിമയുടെ വ്യക്തിഗത മികച്ച പ്രകടനം. ഹിമയുടെ ഈ മിന്നുന്ന പ്രകടനത്തിന് മാറ്റുകൂട്ടുന്നത്, ഏപ്രിലിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് മീറ്റിൽ പേശീവലിവ് മൂലം പിന്മാറേണ്ടി വന്നതിനു ശേഷം ആദ്യമായാണ് 400 മീറ്റർ മത്സരത്തിൽ താരം പങ്കെടുക്കുന്നത് എന്നതാണ്.

ഹിമയുടെ ഈ നേട്ടങ്ങൾ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പുതിയ മാനമാണ് ചാർത്തി തരുന്നത് , 2020 ൽ  ടോക്കിയോയിൽ ആണ് സമ്മർ ഒളിമ്പിക്സ് നടക്കാൻ പോകുന്നത്. 400 മീറ്റർ മത്സരത്തിൽ ഇന്ത്യൻ പതാക വാനിൽ ഉയരെ പറക്കുന്നത് നമുക്ക് സ്വപ്നം കാണാം.

ഹിമയുടെ കാലുകൾക്ക് മാറ്റേകികൊണ്ട് ലോകോത്തര ബ്രാൻഡായ അഡിഡാസ് ഹിമയുടെ പേര് ആലേഖനം ചെയിത ഷൂസുകൾ നൽകിയിരുന്നു. അസമിലെ ഒരു കൊച്ചു ഗ്രാമത്തിൽ നഗ്നപാതയായി ഓടിത്തുടങ്ങിയ ഹിമ ഇനി സ്വന്തം പേര് ആലേഖനം ചെയ്ത ഷൂസ് ഇട്ട് ഇന്ത്യയുടെ സ്വപ്നങ്ങളിലേക്ക് ഓടി കയറും.