ആസ്വാദകമനസില്‍ നോവുണര്‍ത്തി ‘കക്ഷി അമ്മിണിപിള്ള’യിലെ പുതിയ ഗാനം

July 1, 2019

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തി. ആസ്വാദക മനസുകളില്‍ നോവുണര്‍ത്തുകയാണ് കക്ഷി അമ്മിണിപിള്ളയിലെ ‘തു ഹി റാണി…:’ എന്നു തുടങ്ങുന്ന ഗാനം. നനവാര്‍ന്ന ഒരു മഴ പോലെ പ്രേക്ഷകന്റെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്നുണ്ട് ഈ പാട്ട്.

പ്രദീപന്‍ മഞ്ഞോടി എന്നാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:വിവാഹിതരായിട്ട് അറുപതുവര്‍ഷം, സ്‌നേഹത്തോടെ പരസ്പരം ചേര്‍ത്തുപിടിച്ച് ഈ ദമ്പതികള്‍; ചിത്രങ്ങള്‍

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അതേസമയം അടുത്തിടെ ചിത്രത്തിലെ മറ്റ് ചില ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിക്കുന്നതും. ചിത്രത്തിനുവേണ്ടിയുള്ള ആസിഫ് അലിയുടെ കട്ടി മീശ ലുക്കും ആരാധകര്‍ക്കിടയില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധ നേടിയിരുന്നു.