അവാര്‍ഡ് വാങ്ങാനെത്തിയ അച്ഛനൊപ്പം താരമായി ജൂനിയര്‍ സൗബിന്‍: വീഡിയോ

July 30, 2019

വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് സൗബിന്‍ സാഹിര്‍. ഈ അഭിനയ വിസ്മയങ്ങളാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് സൗബിനെ അര്‍ഹനാക്കിയതും. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. അവാര്‍ഡ് വാങ്ങാനെത്തിയ സൗബിന്‍ സാഹിറിനൊപ്പം താരമായിരിക്കുകയാണ് സൗബിന്‍റെ മകന്‍ ഒര്‍ഹാന്‍ സൗബിന്‍. ക്യാമറക്കണ്ണുകളെല്ലാം ഈ ജൂനിയര്‍ സൗബിനെ ഒപ്പിയെടുത്തു. അവാര്‍ഡ് ദാനച്ചടങ്ങിന് സൗബിനൊപ്പം എത്തിയ ഒര്‍ഹാന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മലയാള ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടതാരമായ സൗബിന്‍ സാഹിറിന് മകന്‍ പിറന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കുഞ്ഞ് ജനിച്ച ദിവസം തന്നെ അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞുമകന്റെ ചിത്രം സൗബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ താരം കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. നിരവധി താരനിരകള്‍ ഒര്‍ഹാന്‍ സൗബിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. 2017 ഡിസംബര്‍ 16 നായിരുന്നു കോഴിക്കോട് സ്വദേശിനിയായ ജാമിയയും സൗബിനും വിവാഹിതരായത്.

Read more:”പന്നിയല്ല, ഭാര്യ പത്‌നി”; മകന്‍ ആദിയെ മലയാളം പഠിപ്പിച്ച് ജയസൂര്യ: ചിരിവീഡിയോ

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തിയത്.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.