അരികത്തിരുന്ന് പാട്ടുകൊണ്ട് അര്ജുനന് മാഷിന് ആദരമര്‍പ്പിച്ച് ജയചന്ദ്രന്: സ്നേഹവീഡിയോ
ചില സൗഹൃദങ്ങള്‍ കണ്ടു നില്ക്കാന് തന്നെ നല്ല രസമാണ്. വെറുതെയിങ്ങനെ നോക്കിയിരുന്നു പോകും രണ്ടുപേര്‍ക്കിടയിലുള്ള ആ സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം. സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുകയാണ് സൗഹൃദക്കാഴ്ചയുടെ ഒരു സ്നേഹ വീഡിയോ.
പാട്ടിനെ നെഞ്ചോട് ചേര്‍ത്ത് ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത രണ്ടു പേരാണ് അര്ജുനന് മാസ്റ്ററും പി ജയചന്ദ്രനും. അര്ജുനന് മാസ്റ്ററിന്റെ ഈണങ്ങളും ജയചന്ദ്രന്റെ ഭാവാര്‍ദ്രമായ ആലാപനവും കാലാന്തരങ്ങള്‍ക്കുമപ്പുറം നിത്യശോഭയോടെ പ്രകാശിക്കുന്നവയാണ്.
ചന്ദ്രോദയം കണ്ടു…, ഒരു പ്രേമ കവിതതന്‍…, നിശാസുന്ദരീ നില്ക്കൂ…, എത്രയെത്ര സുന്ദര ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് അര്ജുനന് മാസ്റ്ററുടെയും പി ജയചന്ദ്രന്റെയും. ഈ മനോഹര കൂട്ടുകെട്ടിന്റെ ഹൃദ്യമായ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
അര്ജുനന് മാസ്റ്ററുടെ കാല്ക്കല് ഇരുന്ന് മനോഹരമായ ഒരു ഗാനം ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരമര്‍പ്പിക്കുകയാണ് മലയാളികളുടെ ഭാവ ഗായകന് പി ജയചന്ദ്രന്. ഈ സ്നേഹവീഡിയോ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ആലാപനത്തിന്റെ അവസാനം അര്ജുനന് മാസ്റ്ററുടെ കാലില്‍ തൊട്ടുള്ള ജയചന്ദ്രന്റെ സ്നേഹപ്രകടനവും വീഡിയോയില്‍ കാണാം.
നക്ഷത്ര കിന്നരന്മാര് വിരുന്നു വന്നു… എന്നു തുടങ്ങുന്ന ഗാനമാണ് പി ജയചന്ദ്രന് ആലപിച്ചിരിക്കുന്നത്. 1972 ല്‍ പുറത്തിറങ്ങിയ ‘പുഷ്പാഞ്ജലി’ എന്ന സിനിമയിലേതാണ് ഈ മനോഹരഗാനം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് അര്ജുനന് മാസ്റ്ററാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പി സുശീല സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നു.