കച്ചേരിക്കെത്തി, ‘ഇഷ്‌കി’ലെ പാട്ടുപാടി കൈയടി നേടി സിദ് ശ്രീറാം: വീഡിയോ

July 30, 2019

പ്രണയ ഗാനങ്ങള്‍ക്കെന്നും ആസ്വാദകര്‍ ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവെയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമാണ് ഇഷ്‌ക്. തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാം ആലപിച്ച ‘പറയുവാന്‍ ഇതാദ്യമായി…’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ഒരു കച്ചേരിക്കെത്തിയപ്പോള്‍ ഇഷ്‌കിലെ ഈ മനോഹര ഗാനം വീണ്ടും ആലപിച്ച കൈയടി നേടിയിരിക്കുകയാണ് സിദ് ശ്രീറാം. കച്ചേരിക്കൊടുവില്‍ കാണികളുടെ ആഗ്രഹ പ്രകരമാണ് സിദ് ശ്രീറാം ‘പറയുവാന്‍ ഇതാദ്യമായി…’ എന്ന ഗാനം ആലപിച്ചത്. നിറഞ്ഞ കൈയടികളോടെ പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തു. ഈ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട്.

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് ശ്രീറാമിന്റെ മലയാളം പാട്ടിനും ആരാധകര്‍ ഏറെയാണ്.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഷെയ്ന്‍ നിഗം നായകനായെത്തിയ ചിത്രമാണ് ‘ഇഷ്‌ക്’. പ്രമേയത്തിലെ വിത്യസ്തതകൊണ്ടുതന്നെ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.