നല്ല ഉറക്കത്തിന് ശീലമാക്കേണ്ട കാര്യങ്ങൾ

July 2, 2019

ഒരു ശരാശരി മനുഷ്യൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. ഉറക്കം കുറയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യകിച്ചും കൗമാരക്കാരിലാണ് കാണാറുള്ളത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ് കൗമാരക്കാരിൽ ഉറക്കം കുറയാനുള്ള പ്രധാന കാരണം. നല്ല ആരോഗ്യമുള്ളവരായി ഇരിക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നല്ല രീതിയിൽ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ പലർക്കും ഇപ്പോഴും അറിയില്ലാത്ത ഒരു കാര്യമാണ് എങ്ങനെ ഉറങ്ങണമെന്നത്.

പലരും ഉറക്കത്തിനിടയിൽ ഞെട്ടി ഉണരാറുണ്ട്. കൃത്യമായ രീതിയിൽ ശ്വസന പ്രക്രിയ നടക്കാത്തതാണ് ഇതിന് കാരണം. മൂക്കിലൂടെ ശ്വസനം നടത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് നമ്മുടെ ശരീരത്തെ പാരാസെംപതറ്റിക് ഘട്ടത്തിലൂടെ കൊണ്ടു പോവുന്നു. എന്നാല്‍ വായ കൊണ്ട് ശ്വസനം നടത്തുമ്പോൾ സിംപതറ്റിക് ഘട്ടത്തിലേക്കാണ് ശരീരത്തെ കൊണ്ടുപോവുന്നത്. ഇത് നമ്മളെ പെട്ടെന്ന് ഉണര്‍ത്താന്‍ കാരണമാവുന്നു. ഉറങ്ങുന്ന സമയത്ത് നമ്മള്‍ വായ അടച്ച് വേണം ഉറങ്ങാന്‍. ഇത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കും. പാരസെംപതറ്റിക് നാഡീവ്യവസ്ഥ നിട്രിക് ഓക്‌സൈഡ് പുറത്തിറക്കും. ഇത് വായുവിലൂടെ വരുന്ന ബാക്റ്റീരിയെ ഇല്ലാതാക്കാന്‍ സഹായിക്കും.

Read also: വിഷാദം അകറ്റാനും ഓർമ്മശക്തി വർധിപ്പിക്കാനും ബെസ്റ്റാണ് വാള്‍നട്ട്

യോഗയുടെ ഭാഗമായുള്ള നാഡിശ്വസന രീതി പിന്തുടരുന്നത് ശരീരത്തിന് നല്ലതാണ്. ഇതും മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. അതുപോലെ ഉറങ്ങാന്‍ കിടക്കുന്ന സമയം, ഇടം എന്നിവയെല്ലാം നമുക്ക് കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം തന്നെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ചെറിയ ജാഗ്രത പുലര്‍ത്തണം. ജങ്ക് ഫുഡിന്റെ അമിത ഉപയോഗം ഉറക്കം കുറയാൻ കാരണമാകും.

നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ  എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ നല്ല ഉറക്കം വളരെ അത്യാവശ്യമാണ്.