വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേയ്ക്ക് ഒരുകെട്ട് പുസ്തകങ്ങളുമായി സണ്ണി വെയ്ന്‍; കൈയടിച്ച് സോഷ്യല്‍മീഡിയ
അഭിനയമികവുകൊണ്ടും വിത്യസ്തമായ കഥാപാത്രങ്ങള്‍ക്കൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് സണ്ണി വെയ്ന്‍. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. വെള്ളിത്തിരയിലെ അഭിനയ വസന്തങ്ങള്‍ക്കൊപ്പം പലപ്പോഴും സണ്ണിവെയ്ന്റെ വ്യക്തിജീവിതത്തിലെ ചില മികച്ച തീരുമാനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് സണ്ണി വെയ്ന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. ‘വായിച്ചു വളരുക’ എന്ന വലിയ സന്ദേശമാണ് ഈ ഉദ്യമത്തിലൂടെ താരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. കൈനിറയെ പുസ്തകങ്ങളുമായി വരുന്ന സണ്ണി വെയ്നെ എതിരേല്ക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നു.
‘സാഹിത്യരചന നടത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്.അപ്പോള്‍ നമ്മള് പൂര്‍ണമായും മനുഷ്യരാണെന്ന് പറയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് പുസ്തകങ്ങള്‍ വായിക്കുന്നവരെങ്കിലും ആവണം. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമ്മള് ഒരു അദ്ഭുതലോകത്ത് എത്തിപ്പെടുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു ലോകം… നല്ല സ്വപ്നങ്ങള്‍ കാണുന്ന കുട്ടികളാണ് ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത്.
ഇബുക്കുകളിലേക്കും കിന്റിലിലേക്കും സോഷ്യല്‍ മീഡിയയിലേക്കു മെല്ലാം വായന വളര്‍ന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. എന്നാല്‍ ഇവയൊന്നും പുസ്തകങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. ഇളം മഞ്ഞ കടലാസിലെ കുനുകുനെയുള്ള അക്ഷരങ്ങളെയും പുത്തന്‍പുസ്തകത്തിന്റെ മനം നിറയ്ക്കുന്ന മണവും ആസ്വദിച്ച് വേണം കുട്ടികള്‍ വളരാന്‍. നിങ്ങളെപ്പോലുള്ള കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് തരാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Read more:മകളുടെ പിടിഎ മീറ്റിങ്ങിനെത്തിയവരെ ആടി സെയിലിന് അയച്ച് പൃഥ്വിരാജ്; ചിരി ട്രോളിന് സുപ്രിയയുടെ കൈയടി
വിദ്യാര്‍ത്ഥികളിലെ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ നടപ്പാക്കുന്ന ‘എന്റെ ക്ലാസ് റൂം എന്റെ ലൈബ്രറി ‘ എന്ന പരിപാടിയുടെ ഭാഗമാവാനും 500ഓളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുവാനും സാധിച്ചു.സര്‍വ്വോപരി പുസ്തകം കിട്ടിയ കുട്ടികളുടെ കണ്ണിലെ സന്തോഷം നേരിട്ടറിയുവാനും കഴിഞ്ഞു.’ വീഡിയോ പങ്കുവെച്ചുകൊണ്ട് സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.