മനോഹരം ഈ പ്രണയം; പാട്ടില്‍ വീണ്ടുമൊരു സിദ് ശ്രീറാം മാജിക്

July 30, 2019

ചില പ്രണയങ്ങള്‍ മനോഹരങ്ങളാണ്. പ്രണയ ഗാനങ്ങള്‍ക്കെന്നും ആസ്വാദകരും ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവെയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം.

‘കദരം കൊണ്ടേന്‍’ എന്ന ചിത്രത്തിലെ ഗാനമാണ് മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്നത്. ചിത്രത്തിലെ ‘താരമേ… താരമേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിവേകിന്റെതാണ് ഗാനത്തിന്റെ വരികള്‍. ജിബ്രാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. സിദ് ശ്രീറാമിന്റെ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. അക്ഷര ഹാസനും അബി ഹസാനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ ഗാനം ഇതിനോടകംതന്നെ കണ്ടുകഴിഞ്ഞു.

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ…’, ‘കണ്ണാന കണ്ണേ…’ ‘മധുപോലെ പെയ്ത മഴയില്‍…’, ‘പറയുവാന്‍ ഇതാദ്യമായി…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ഗായകനാണ് സിദ് ശ്രീറാം.

Read more:കച്ചേരിക്കെത്തി, ‘ഇഷ്‌കി’ലെ പാട്ടുപാടി കൈയടി നേടി സിദ് ശ്രീറാം: വീഡിയോ

വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കദരം കൊണ്ടേന്‍’. കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. രാജ്കമല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. വിക്രമിന്റെ 56ാമത്തെ ചിത്രമാണ് ‘കദരം കൊണ്ടന്‍’. രാജ് കമല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 45ാമത്തെ ചിത്രവും. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നതും.