ഈ കുരുന്നുകളുടെ സ്ഥാപനത്തിന് പിന്നിലൊരു കഥയുണ്ട്; സ്നേഹത്തിന്റെയും വേദനയുടെയും കാരുണ്യത്തിന്റെയും കഥ

July 3, 2019

ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തിൽ വലിയ ചുമതലകൾ ഏറ്റെടുത്തിരിക്കുകയാണ് രണ്ടു മിടുക്കി പെൺകുട്ടികൾ. 13 വയസുള്ള അർമാനിയും 12 വയസുള്ള അമയ ജേഫേഴ്സനും ചേർന്ന് സ്വന്തമായി ഒരു ബിസിനസ് സംരംഭം ഏറ്റെടുത്തിരിക്കുകയാണ്. ‘മനി ആന്‍ഡ് മയാസ് ഫ്രൂട്ടി ട്രീറ്റ്സ്’ എന്നാണ് ഇരുവരുടെയും ബിസിനസ് സംരംഭത്തിന്റെ പേര്.

സൗത്ത് കരോലിനയിലെ ഈ സ്ഥാപനത്തിന് പിന്നിലും വലിയൊരു കഥയുണ്ട്.. വേദനയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമൊക്കെ കഥ. അരിവാൾ രോഗം ബാധിച്ചവർക്ക് വേണ്ടിയാണ് ഈ കുരുന്നുകൾ ചേർന്ന് ഈ സ്ഥാപനം നടത്തുന്നത്.

അർമാനിയുടെയും അമയയുടെയും ഇളയ സഹോദരി ടൈലറിന് അരിവാൾ രോഗമായിരുന്നു.. അതുകൊണ്ടുതന്നെ ഈ രോഗത്തിന്റെ എല്ലാ വേദനകളും കഷ്ടപ്പാടുകളും ഈ സഹോദരിമാർ അറിഞ്ഞിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട അനിയത്തിയുടെ അവസ്ഥ ഞങ്ങളെ വളരെയധികം വേദനിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ഒരുപാട് പണവും ആവശ്യമാണ്. അതിനാൽ ഇതേ അസുഖമുള്ളവരെ  സഹായിക്കാനായി എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഈ സ്ഥാപനം ഉണ്ടായതെന്നും ഇവർ പറയുന്നു.

Read also: ‘മഴയോട് ചേർന്ന് ഞാൻ നിന്നു’; പതിനെട്ടാം പടിയിലെ മനോഹര ഗാനവുമായി സിത്താര; വീഡിയോ

‘മനി ആന്‍ഡ് മയാസ് ഫ്രൂട്ടി ട്രീറ്റ്സിൽ സ്ട്രോബെറി, പൈനാപ്പിള്‍, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ഫ്രൂട്ട് ജ്യൂസുകളാണ് ഇവര്‍ വിൽക്കുന്നത്. ഇവ പായ്ക്കറ്റുകളിലും അതുപോലെ ഹോം ഡെലിവറിയുമുണ്ട്. കുട്ടികളിലെ ബിസിനസ് സംരംഭകർക്കായി നടത്തിയ എക്സ്പോയിലും ഇവരുടെ ബിസിനസ് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.അവിടെ നിന്നും ലഭിച്ച തുക ഇരുവരും ചേർന്ന് മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് നൽകുകയും ചെയ്തു. ബിസിനസിനൊപ്പം പഠനത്തിന്റെ കാര്യത്തിലും വളരെ മിടുക്കരാണ് ഈ കുരുന്നുകൾ. എന്നാൽ ഇവരുടെ ഈ നല്ല മനസറിഞ്ഞ് നിരവധി ആളുകളാണ് ഇരുവർക്കും പ്രോത്സാഹനവുമായി എത്തുന്നത്.