പന്ത് കൈയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയിട്ടും കൈവിടാതെ യുവി: അതിശയിപ്പിക്കും ഈ ക്യാച്ച്: വീഡിയോ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരിച്ചെങ്കിലും യുവരാജ് സിങ് ഇപ്പോഴും കളത്തിലെ മിന്നും താരമാണ്. കാനഡ ഗ്ലോബല്‍ ടി 20 ലീഗിലെ യുവരാജിന്റെ ഒരു പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കൈയടി നേടുന്നത്. ടൊറന്റോ നാഷ്ണല്സിന്റെ ക്യാപ്റ്റനായി ടീമിനെ നയിക്കുന്ന യുവരാജ് ബാറ്റുകൊണ്ടും ബോളുകൊണ്ടും കാഴ്ചവെയ്ക്കുന്നത് അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ്.
കഴിഞ്ഞദിവസം ബ്രാംപ്റ്റണ്‍ വോള്‍വ്സിനെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് യുവരാജ് സിങ് കാഴ്ചവെച്ചത്. ലെന്‍ഡല്‍ സിമ്മന്‍സിനെ പുറത്താക്കാന്‍ യുവരാജ് എടുത്ത ഒരു ക്യാച്ചാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ യുവരാജ് ഒരു വിക്കറ്റും എടുത്തു.
യുവരാജ് സിങ്ങിന്റെ ആ കിടിലന്‍ ക്യാച്ച് ഇങ്ങനെ: മത്സരത്തിന്റെ നാലാം ഓവര്‍. ജെറമി ഗോര്‍ഡന്‍ എറിഞ്ഞ പന്ത് അടിച്ചുപറത്താനായിരുന്നു ലെന്‍ഡല്‍ സിമ്മിന്സിന്റെ ശ്രമം. എന്നാല്‍ പന്ത് ചെന്നു പതിച്ചതാവട്ടെ യുവരാജിന്റെ കൈകളില്‍. പന്ത് കൈയില്‍ നിന്നും ഉയര്‍ന്നുപൊങ്ങി. ഒരു തവണ കൂടി പന്ത് കൈയില്‍ തട്ടിയെങ്കിലും താരത്തിന്റെ തലയ്ക്ക് മുകലിലൂടെ പന്ത് ഉയര്‍ന്നു. തൊട്ടുപിന്നാലെ ഡൈവ് ചെയ്ത് യുവി ആ പന്ത് കൈക്കുമ്പിളിലാക്കി.
Stunning catch by @YUVSTRONG12 to dismiss @54simmo.#GT2019 #BWvsTN @TorontoNational @BramptonWolves pic.twitter.com/ih1VzjxMQ5
— GT20 Canada (@GT20Canada) August 4, 2019
2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ് യുവരാജ് സിങ്. 2003 ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇതിനോടകം തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും യുവരാജ് സിങ് കളിച്ചിട്ടുണ്ട്. 2000 ല്‍ നയ്റോബിയില്‍ കെനിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്.
Read more:ഡ്രൈവര്‍ സീറ്റില്‍ ആളില്ല, കാര്‍ തനിയെ പാര്‍ക്ക് ചെയ്തു: ത്രില്ലടിച്ച് സച്ചിന്: വീഡിയോ
യുവി എന്നാണ് ആരാധകര്‍ യുവരാജ് സിങിനെ വിളിക്കുന്നത്. 2007ലെ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്സ് അടിച്ചെടുത്ത യുവിയുടെ പ്രകടനം ഇന്നും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്ക്കുന്നു. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.