മഴദുരന്തത്തിന് മീതെ സ്നേഹത്തിന്റെ പണക്കുടുക്കയുമായി കുരുന്നുകൾ
കേരളം നേരിട്ട മഹാദുരന്തത്തിൽ നിന്നും അതിജീവനത്തിന്റെ കരം പിടിച്ച് മുന്നേറിക്കൊണ്ടിരിക്കുയാണ് കേരള ജനത. മഹാദുരന്തത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന കേരളത്തിന് ചെറുതും വലുതുമായ ഒരുപാട് സഹായവുമായി നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. പ്രായ ഭേദമന്യേ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒരുപാട് സുമനസുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുക്കയിൽ സൂക്ഷിച്ചുവച്ച മുഴുവൻ പൈസയുമായി ക്യാമ്പിലെത്തിയ രണ്ട് കുഞ്ഞുമക്കളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് സ്നേഹസമ്മാനവുമായി എത്തിയ ഈ കുഞ്ഞുങ്ങൾ ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ്.
ആലുവ തൈക്കാട്ടുകരയിലെ ‘മലബാറിന് ഒരു കൈത്താങ്ങ്’ എന്ന കളക്ഷൻ സെന്ററിലാണ് ഈ കുരുന്നുകൾ സ്നേഹസമ്മാനവുമായി എത്തിയത്. അനുജൻ തന്റെ കൈയിലെ നോട്ടുകൾ മുഴുവൻ നൽകി. ചേച്ചി തന്റെ കൈയിൽ കരുതിയിരുന്ന മുഴുവൻ ചില്ലറയും കളക്ഷൻ പോയിന്റിൽ ഏൽപ്പിച്ചു. അവസാന ചില്ലറ തുട്ടും മേശയിൽ വച്ച ചേച്ചിയോട് ‘മുഴുവൻ കൊടുക്കല്ലേടി’ എന്ന് പറയുന്ന കുഞ്ഞനിയന്റെ നിഷ്കളങ്കത നിറഞ്ഞ വാക്കുകളും ക്യാമ്പിൽ ചിരി പടർത്തി.
പ്രളയം തകർത്ത കേരളത്തിന്റെ വേദനയിലും ആശ്വാസത്തിന്റെ പൊൻതൂവൽ സ്പർശവുമായി എത്തുകയാണ് ഈ പിഞ്ചോമനകൾ.