ഹൃദയംതൊട്ട് നിത്യ മേനോന്‍; കൈയടി നേടി ‘കോളാമ്പി’യിലെ ഗാനം

August 2, 2019

നിത്യാ മേനോന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘കോളാമ്പി’. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ എത്തുന്ന ചിത്രം കൂടിയാണ് കോളാമ്പി. ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് കോളാമ്പി എന്ന ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ ‘ആരോടും പറയുക വയ്യ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിയ്ക്കുന്നത്. പ്രഭാ വര്‍മ്മയുടെതാണ് ഗാനത്തിലെ വരികള്‍. മധുശ്രീ നാരായണ്‍ ആണ് ആലാപനം. രമേശ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

കോളാമ്പി മൈക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയാണ്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങി നിരവധി താരനിരകള്‍ കോളാമ്പി എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മനാണ് ചിത്രത്തിനു വേണ്ടി ക്യമാറ കൈകാര്യം ചെയ്യുന്നത്.

Read more:അതിശയിപ്പിക്കും; റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ഉയരുന്ന ഈ പാട്ടും പാട്ടുകാരിയും: വീഡിയോ

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാര്‍ സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജീവിന്റെ അവസാന ചിത്രം ‘തത്സമയം ഒരു പെണ്‍കുട്ടി’ ആയിരുന്നു. ആ ചിത്രത്തില്‍ നായികയായി എത്തിയ നിത്യ മേനോന്‍ തന്നെയാണ് പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ‘കോളാമ്പി’യ്ക്കുണ്ട്.

അതേസമയം ബോളിവുഡിലേയ്ക്കും അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് നിത്യ മേനോന്‍. മിഷന്‍ മംഗള് എന്നാണ് നിത്യാ മേനോന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേര്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റ്‌ലൈറ്റ് ഡീസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.