കത്തിയമര്‍ന്ന് ആമസോണ്‍ കാടുകള്‍, 2790 കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ ഇരുട്ടില്‍; അമ്പരപ്പിക്കും ഈ ദൃശ്യങ്ങള്‍

August 23, 2019

ദിവസങ്ങളായി കത്തിയമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. ആമസോണ്‍ കാടുകള്‍ക്ക് 2790 കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ നഗരം പോലും ഈ കാട്ടുതീയുടെ പുക കാരണം ഇരുട്ടിലായിരിക്കുകയാണ്. ഭയവും അമ്പരപ്പും നിറയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. സാവോ പോളോ പോലെയുള്ള നഗരപ്രദേശങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണ്.

ലോകത്തിലെ ഏറ്റവും വിശിഷ്ടമായ കാട് എന്ന് അറിയപ്പെട്ടിരുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുമ്പോള്‍ കടുത്ത കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറം തള്ളുന്നത്. ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാട്ടുതീയില്‍ 83 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ആമസോണ്‍ മേഖലയില്‍ 74,000 ത്തിലധികം തീപിടുത്തങ്ങള്‍ ഉണ്ടായതായി പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 9500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്.

ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ കാടുകള്‍ അറിയപ്പെടുന്നത്. ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന ഇടമാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ആമസോണ്‍ വനമേഖല പടര്‍ന്നുകിടക്കുന്നത്. എന്നാല്‍ വനമേഖലയുടെ കൂടുതല്‍ ഭാഗവും ബ്രസീലിലാണ്. ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ആമസോണ്‍ വനമേഖലയ്ക്കുള്ളത്.