‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’; കമന്‍റിന് അനു സിത്താര നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു

August 20, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ സൈബര്‍ ആക്രമങ്ങള്‍ക്കും ചലച്ചിത്ര താരങ്ങള്‍ ഇരയാകേണ്ടിവരുന്നു. നവമാധ്യമങ്ങളില്‍ സജീവമായ അനു സിത്താരയെ തേടിയെത്തിയ ഒരു മോശം കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

സംഭവം ഇങ്ങനെ: അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചു. തൊട്ടുപിന്നാലെ ഒരു മോശപ്പെട്ട കമന്റും ചിത്രത്തെ തേടിയെത്തി. ‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ എന്നായിരുന്നു കമന്റ്. എന്നാല്‍ ശ്രദ്ധേയമാകുന്നത് ഈ കമന്റിന് താരം നല്‍കിയ മറുപടിയാണ്. ‘നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ’ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ പിന്നീട് ഈ കമന്‍റും മറുപടിയും താരം ഡിലീറ്റ് ചെയ്തു.

തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ട് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അനു സിത്താര. വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്നു.

Read more:‘കഭീ കഭീ മേരെ ദില്‍ മേ….’ സംഗീത സംവിധായകന്‍ ഖയാം ഇനി ഓര്‍മ്മ

2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.