കിടിലന്‍ ഡാന്‍സുമായി ജ്യോതിക, ഒപ്പം രേവതിയും; ‘ജാക്ക്‌പോട്ട്’ ലെ ഗാനം ശ്രദ്ധേയമാകുന്നു

August 2, 2019

വെള്ളിത്തിരയില്‍ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് ജ്യോതിക. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ജാക്ക്‌പോട്ട് എന്ന ചിത്രത്തില്‍ രേവതിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ജ്യോതികയുടെയും രേവതിയുടെയും ഡാന്‍സ് തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ആക്ഷനും സസ്‌പെന്‍സും ഹാസ്യവുമൊക്കെ നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നും. എസ് കല്യാണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജാക്ക്‌പോട്ട്. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ് ജാക്ക്‌പോട്ട് എന്ന സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആനന്ദരാജ്, രാജേന്ദ്രന്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതേസമയം ജ്യോതിക നായികയായെത്തുന്ന ഒരു ത്രില്ലര്‍ ചിത്രവും ഒരുങ്ങുന്നുണ്ട്. ‘പൊന്‍മകള്‍ വന്താല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ജെജെ ഫെഡറിക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് ‘പൊന്‍മകള്‍ വന്താല്‍’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ’36 വയതനി’ലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് മടങ്ങിയ എത്തിയ ജ്യോതികയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

അതേസമയം രാക്ഷസിയാണ് ജ്യോതിക പ്രധാന കഥാപാത്രമായെത്തിയ അവസാനചിത്രം. ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് രാക്ഷസി. ചിത്രത്തില്‍ ഗീതാ റാണി എന്ന അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. പൂര്‍ണിമ ഭാഗ്യരാജ്, സത്യന്‍, ഹരീഷ് പേരാടി തുടങ്ങിയവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ആണ് ‘രാക്ഷസി’ എന്ന സിനിമയുടെ നിര്‍മ്മാണം.