വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ കേരള സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സര്‍വ്വീസുകളിലും പൊതു മേഖല സ്ഥാപനങ്ങളിലും ഇനി വനിതകള്‍ക്കും വാഹനം ഓടിക്കാം. വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ഫലമായി നിലവിലുള്ള നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തും. എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നടപടി. പുതിയ നിയമ ഭേദഗതി നിരവധി വനിതകള്‍ക്ക് തൊഴില്‍ സാധ്യതയും ഉറപ്പുവരുത്തുന്നു.
‘വനിതകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ തലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസമില്ലെന്നും ഇവിടങ്ങളിലെ തസ്തിക പുരുഷന്മാര്ക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിലൂടെ നിരവധി സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭിക്കും.’ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read more:‘സുരക്ഷിതരാണ്’; പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന്
‘കേരളത്തിലെ ജനസംഖ്യയില്‍ 51.4 ശതമാനം വനിതകളാണ്. എന്നാല്‍ വിവേചനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് പൂര്‍ണമായും മോചനം ലഭിക്കുന്നതിനോ നിയമങ്ങള്‍ നല്കുന്ന സംരക്ഷണം പോലും പൂര്‍ണമായി അനുഭവിക്കുന്നതിനോ അവര്‍ക്കിനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍, വനിത ശിശു വികസന വകുപ്പ് രൂപീകരിച്ചതോടെ വലിയ മാറ്റമാണ് ഉണ്ടായത്. സര്‍ക്കാര്‍, പൊതുമേഖലാ തലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ബസുകള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് മേഖലയില്‍ എല്ലാത്തരം വാഹനങ്ങളും സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. അവര്‍ക്ക് അതിനുള്ള പ്രാപ്തിയും വിശ്വാസവുമുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍, പൊതുമേഖലാ തലത്തില്‍ ഡ്രൈവര്‍ തസ്തിക പുരുഷന്മാര്ക്ക് മാത്രമായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ ഓഫീസ് വാഹനം ഓടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപാകതകളൊന്നുമില്ലതാനും. അതിനാലാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വീസിലെ മറ്റ് തസ്തികകള്‍ പോലെ തന്നെ ഡ്രൈവര്‍ തസ്തികയിലും സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്ക്കും ജോലി ചെയ്യുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ലിംഗ വിവേചനത്തിനെതിരെ ധീരമായ കാല്‍വയ്പ്പ് നടത്തുന്നത് സമൂഹത്തില്‍ ലിംഗനീതി നടപ്പിലാക്കുവാനും സമൂഹത്തിന്റെ ഉയര്‍ച്ചക്കും സഹായകരമാകും. മാത്രമല്ല സമൂഹത്തില്‍ സ്ത്രീകളോടുള്ള പൊതു കാഴ്ചപ്പാടിലും മാറ്റം വരുത്താന്‍ ഇതുമൂലം കഴിയുമെന്ന് കരുതുന്നു.’ കെ കെ ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.