മഴക്കെടുതിയിൽ വയറിംഗ് നശിച്ച വീടുകളിൽ സൗജന്യ കണക്ഷൻ നൽകുമെന്ന് കെഎസ്ഇബി

August 14, 2019

പ്രളയ ബാധിതർക്ക് ആശ്വാസവുമായി കെ എസ് സി ബി. പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്ത് നൽകാനൊരുങ്ങി കെഎസ്ഇബി. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകളും കെട്ടിടങ്ങളും പൂർണ്ണമായും ഭാഗീകമായും നശിച്ചു. വയനാട്ടിലെ മേപ്പാടിയിലും മലപ്പുറത്തെ കവളപ്പാറയിലുമുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. വീടുകൾ നശിച്ച നിരവധിപ്പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 95 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ സഹായം നൽകുന്നതിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.