‘ഞങ്ങൾക്കാർക്കും തോന്നാത്തൊരു കാര്യമാണ് നിങ്ങൾ ചെയ്‌തത്‌, നന്മ വരട്ടേ’; നൗഷാദിന് അഭിനന്ദനവുമായി മമ്മൂട്ടി

August 13, 2019

ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് മുന്നിൽ നന്മയുടെയും കാരുണ്യത്തിന്റെയും മുഖമായി മാറിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരന് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. പെരുന്നാള്‍ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോള്‍ എത്തിയത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോള്‍ ‘എന്താണിക്കാ?’ എന്നാണ് നൗഷാദിന്‍റെ ചോദ്യം.

“നൗഷാദേ ഞാന്‍ മമ്മൂട്ടിയാണ്, കയ്യീന്ന് സാധനങ്ങളൊക്കെ എടുത്ത് കൊടുത്തൂന്ന് പറഞ്ഞ് കേട്ടു. വളരെ സന്തോഷമായി. ഏതായാലും നല്ലൊരു ദിവസമായിട്ട് മഹത്തായ കാര്യമാണ് ചെയ്‌തത്‌. പടച്ചോന്‍ അനുഗ്രഹിക്കട്ടെ, എല്ലാ ബര്‍ക്കത്തും ഉണ്ടാവട്ടെ. എല്ലാം പടച്ചോന്‍ തരും. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്. നന്നായി വരട്ടെ.’

കഴിഞ്ഞ ദിവസം ദുരിതത്തിലകപ്പെട്ട വയനാട്, മലപ്പുറം ഭാഗത്തേക്ക്  സാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കുസാറ്റിലെ കുട്ടികളും നടൻ രാജേഷ് ശർമ്മയും സംഘവും എറണാകുളം ബ്രോഡ് വേയിൽ എത്തിയിരുന്നു. കടകളിൽ സഹായമന്വേഷിച്ച്  എത്തിയ ഇവരെ തന്റെ കടയിലേക്ക് വിളിച്ചുകൊണ്ടുപോയി പെരുന്നാൾ കച്ചവടത്തിനായി എത്തിച്ച  മുഴുവൻ വസ്ത്രങ്ങളും ചാക്കുകളിൽ കെട്ടി ഇവർക്ക് നൽകുകയായിരുന്നു. ‘നമ്മൾ വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ലല്ലോ, പോകുമ്പോഴും ഒന്നും കൊണ്ടുപോകുന്നില്ല,  ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ എന്നായിരുന്നു നൗഷാദ്  പറഞ്ഞത്.

അതേസമയം ഈ നന്മ മനുഷ്യന് അഭിനന്ദനവുമായി നിരവധിയാളുകൾ എത്തിയിരുന്നു. നൗഷാദിന്റെ നന്മ നിറഞ്ഞ പ്രവർത്തിയോടുള്ള നന്ദി സൂചകമായി തുണികൊണ്ട് അദ്ദേഹത്തിന്റെ രൂപം നിർമ്മിച്ച കലാകാരൻ ഡാവിഞ്ചി സുരേഷിൻറെ ചിത്രവും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു..