മമ്മൂക്കയുടെ സിനിമ ജീവിതത്തിന്റെ 48 വർഷങ്ങൾ…
അഭിനയ ജീവിതത്തിന്റെ നീണ്ട 48 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരം, അഭിനയ കുലപതി മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പ്രായഭേദമന്യേ ആരാധകരും ഏറെയാണ്. മമ്മൂട്ടി മലയാള സിനിമയ്ക്ക് സമ്മാനിച്ച അവിസ്മരണീയ കഥാപാത്രങ്ങളും നിരവധിയാണ്. താരജാഡയില്ലാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്…ഇപ്പോഴിതാ സിനിമയിൽ 48 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് മലയാളികളിലൂടെ പ്രിയപ്പെട്ട മമ്മൂക്ക.
അഭിഭാഷകനായി കരിയർ ആരംഭിച്ച മമ്മൂട്ടി പിന്നീട് തന്റെ സ്വപനമായ സിനിമയിലേക്കു എത്തിപെടുകയായിരുന്നു. എൺപതുകളുടെ തുടക്കത്തിലാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു…
1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. പതിനെട്ടാം പടിയാണ് അദ്ദേഹത്തിന്റേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം.
വക്കീലായും, അധ്യാപകനായും, പട്ടാളക്കാരനായും, കർഷകനായും, ബിസിനസുകാരനായുമെല്ലാം വെള്ളിത്തിരയിൽ തിളങ്ങാറുള്ള താരത്തിന്റെ പോലീസ് വേഷങ്ങളാണ് ആരാധകർക്ക് ഏറെ ഇഷ്ടം. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ എത്തിക്കാൻ എത്രവേണമെങ്കിലും കഷ്ടപ്പെടാൻ തയാറുള്ള താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചത് അവരുടെ ഹൃദയത്തിലേക്കാണ്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും സൗന്ദര്യമുള്ള പോലീസ് ഓഫീസർ എന്ന പേരും അദ്ദേഹത്തിന് തന്നെയാണ്. യവനിക, ആവാനാഴി, ഇൻസ്പെക്ടർ ബൽറാം, ബ്ലാക്ക്, ഗോഡ്മാൻ, രാക്ഷസ രാജാവ്, കസബ, അബ്രഹാമിന്റെ സന്തതികൾ, ഉണ്ട..തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി പൊലീസുകാരനായി വേഷമിട്ടത്.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം തന്റെ അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. 400 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്തായാലും മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മമ്മൂക്ക.