മനോഹരം ഈ പ്രണയം; കൈയടി നേടി ഡിയര്‍ കോമ്രേഡിലെ ഗാനം: വീഡിയോ

August 2, 2019

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. വിജയ് ദേവരക്കൊണ്ടയെ പോലെതന്നെ രശ്മിക മന്ദാനയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഡിയര്‍ കോമ്രേഡിലെ ഒരു മനോഹര പ്രണയ ഗാനം. നീ നിലികണ്ണുള്ളോന’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം കൈയടികളോടെ യുട്യൂബില്‍ മുന്നേറുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞു.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞുമിടുക്കിയുടെ ഡാൻസ്’; കൈയടിച്ച് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ കാണാം..

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിയര്‍ കോമ്രേഡിലെ ‘മധുപോലെ പെയ്ത മഴയില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. ചിത്രത്തിനുവേണ്ടിയുള്ള കോമ്രേഡ് ആന്തം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ്. ഈ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്.