മനോഹര പ്രണയത്തിന്റെ ഓർമ്മകളുമായി ‘ഓർമ്മയിൽ ഒരു ശിശിരം’; റിവ്യൂ

August 2, 2019

പ്രണയത്തിന്റെ മനോഹാരിതയും, വിരഹത്തിന്റെ നോവുമെല്ലാം സ്കൂൾ കാലഘട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.. എല്ലാവർക്കും കാണും പറയാൻ കഴിയാഞ്ഞതോ.. പറഞ്ഞിട്ടും നഷ്‌ടമായതോ ആയ, കാലം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒളിപ്പിച്ചുവച്ച ചില രസമുള്ള പ്രണയത്തിന്റെ ഓർമ്മകൾ. ഈ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന പുതിയ ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം..

ചിത്രത്തിന്റെ പേര് പോലെ തന്നെ ചില രസമുള്ള പ്രണയത്തിന്റെ ഓർമ്മകളുമായി എത്തുന്ന സിനിമ നവാഗത സംവിധായകൻ വിവേക് ആര്യന്റേയും ഒരു കൂട്ടം സിനിമ പ്രേമികളുടെയും പ്രയത്നമാണ്. സിനിമ പ്രേമിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവങ്ങളിലൂടെ പറഞ്ഞു തുടങ്ങുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് മലർവാടി ആർട്സ് ആൻറ് ക്ലബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ ദീപക്കാണ്. സ്കൂൾ കാലഘട്ടത്തിന്റെ എല്ലാ രസകരമായ നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന ചിത്രം മനോഹരമായ ഒരു പ്രണയത്തിനപ്പുറം ആദ്യ പ്രണയത്തിന്റെ പവിത്രമായ ഓർമ്മകളിലേക്കുകൂടി പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നുണ്ട്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നിതിൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയായി വേഷമിടുന്ന ദീപക്കിനൊപ്പം മികച്ച പ്രകടനവുമായി നിരവധി താരങ്ങളും എത്തുന്നുണ്ട്. പ്രണയത്തിനൊപ്പം സൗഹൃദത്തിന്റെ ആഴവും പറയുന്ന ചിത്രത്തിൽ നിതിന്റെ സുഹൃത്തുക്കളായി എത്തുന്ന റിയാസും, ഒടിയനുമടക്കം എല്ലാവരും മികച്ച പ്രകടമാണ് കാഴ്ചവച്ചിരിക്കുന്നത്.

പ്രണയത്തിന്റെ പവിത്രതയും, കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ചിത്രത്തിൽ  ആവിഷ്‌കരിച്ചിട്ടുണ്ട്. നിതിന്റെ അമ്മയായി വേഷമിടുന്ന മാല പാർവതിയും അച്ഛനായി എത്തുന്ന അലൻസിയറുമടക്കം, അശോകനും ബേസില്‍ ജോസഫും സുധീര്‍ കരമനയും ഇർഷാദും സിജോയ് വർഗീസും നീന കുറുപ്പും ശ്രീജിത്ത് രവിയും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. അനശ്വര, മൃദുല്‍, എല്‍ദോ, ബബിത, രാരിഷ, ദിനേശ് പ്രഭാകർ, ജെയിംസ് ദേവസി, സാം സിബിൻ  തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നത്. പുതുമുഖ നടി അനശ്വരയാണ് വർഷയായി വെള്ളിത്തിരയിൽ അവിസ്മരണീയ പ്രകടനം കാഴ്‌ചവെച്ചത്.

കഥയുടെ മൂഡിനും സൗന്ദര്യത്തിനും അനുസരിച്ചുള്ള ഗാനങ്ങളാണ് ഏറെ ശ്രദ്ധേയം. ജോസഫ് എന്ന ചിത്രത്തിലെ മനോഹര ഗാനത്തിലൂടെ ഏറെ ശ്രദ്ധയനായ രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. പ്രണയത്തിന്റെ സൗന്ദര്യവും സൗഹൃദത്തിന്റെ മനോഹാരിതയും തുറന്നുകാണിക്കുന്ന ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടി.

സിനിമയ്ക്കപ്പുറം ജീവിതമെന്ന് തോന്നിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ ചില  ഷോട്ടുകൾ. കണ്ണൂർ തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമയിലൂടെ കഥാപശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ ഭംഗിയും ജീവനും അതേപടി പകർത്തിയെടുക്കാൻ അരുൺ ജെയിംസിന് അദ്ദേഹത്തിന്റെ ക്യാമറകണ്ണുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കിയ ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിച്ച ചിത്രം ഒരു മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.