കനത്ത മഴയിൽ ഒറ്റപെട്ടുപോയവർക്കായി പവർ ബാങ്കുകൾ നിർമ്മിച്ച് നൽകാനൊരുങ്ങി കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാർ
August 10, 2019

കനത്ത മഴയെത്തുടർന്ന് മിക്കയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഇതോടെ മിക്കവരുടെയും ഫോണുകളുടെ ചാർജ് തീർന്ന് പുറം ലോകവുമായി ആശയം വിനിമയം പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയവരെ സഹായിക്കാൻ സൗജന്യമായി പവർ ബാങ്കുകൾ ഉണ്ടാക്കി വിതരണം ചെയ്യുകയാണ് കൊച്ചി ഇൻഫോപാർക്കിലെ ഒരുകൂട്ടം ടെക്കികൾ.
രാജഗിരി കോളേജിലെ 40 -ഓളം വിദ്യാർത്ഥികളും അധ്യാപകരും കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളും സംയുക്തമായി ചേർന്നാണ് പവർ ബാങ്കുകൾ നിർമ്മിക്കുന്നത്. മൂന്ന് ബാറ്ററി, ഒരു യുഎസ്ബി കേബിൾ എന്നിവ ഉപയോഗിച്ചാണ് പവർ ബാങ്ക് നിർമ്മാണം. കൊച്ചി ഇൻഫോ പാർക്കിലെ സാമൂഹ്യ സംഘടനയായ പ്രോഗ്രസീവ് ടെക്കീസാണ് ഇതിന് പിന്നിൽ.