‘ഈ ദിവസത്തിനായാണ് ഞാന്‍ കാത്തിരുന്നത്’: അവസാനമായി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

August 7, 2019

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വേര്‍പാടില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് രാജ്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അന്ത്യം. ബിജെപി എന്ന പ്രസ്ഥാനത്തിന് ജനകീയ മുഖം സമ്മാനിച്ച നേതാവണ് ഇതോടെ ഓര്‍മ്മയാകുന്നത്. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സുഷമാ സ്വരാജിന്റെ മരണ വാര്‍ത്തയെപ്പോലെതന്നെ രാജ്യത്തെ വേദനിപ്പിക്കുകയാണ് അവസാനമായി അവര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. കാശ്മീര്‍ വിഭജന ബില്ലിനെക്കുറിച്ചാണ് സുഷമ സ്വരാജ് ഒടുവില്‍ ട്വീറ്റ് ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്.

Read more:ഓർമ്മയായത് ബിജെപിക്ക് ജനകീയ മുഖം നൽകിയ നേതാവ്; സുഷമ സ്വരാജിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘ നരേന്ദ്ര മോദിജി… നന്ദി. വളരെയധികം നന്ദി… എന്റെ ജീവിതത്തില്‍ ഈ ദിവസത്തിനായാണ് ഞാന്‍ കാത്തിരുന്നത്’. ട്വിറ്ററില്‍ ഏറെ സജീവമായിരുന്ന സുഷമ സ്വരാജിന്റെ ഈ അവസാന വാക്കുകള്‍ വേദനയോടെയാണ് രാജ്യം വായിച്ചുതീര്‍ക്കുന്നത്.