മഴക്കാലമാണ്; അറിഞ്ഞിരിക്കാം ജലദോഷത്തിന് ചില പൊടിക്കൈകള്‍
കാലവര്‍ഷം ശക്തമായതോടെ ആരോഗ്യകാര്യത്തിലും ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം. മഴയും തണുപ്പുമെല്ലാം ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളിലേക്ക് വഴിതെളിക്കും. വൈറസുകളാണ് ജലദോഷത്തിനും തണുപ്പുകാലത്തെ ചില ശ്വാസകോശ രേഗങ്ങള്‍ക്കും പ്രധാന കാരണം. മൂക്കൊലിപ്പ്, തലവേദന, ചുമ, പനി, തൊണ്ട വേദന ഇങ്ങനെ നീളുന്നു മഴക്കാലത്തെ ചില ശാരീരിക അസ്വസ്ഥകള്‍. ഇത്തരം അസ്വസ്ഥതകള്‍ക്കുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. വിട്ടുമാറാത്ത ജലദോഷത്തില്‍ നിന്നും മുക്തി നേടാന്‍ ചില പൊടിക്കൈകളെ പരിചയപ്പെടാം.
തൊണ്ടവേദനയിലൂടെയാണ് ജലദോഷത്തിന്റെ ആരംഭം. തൊണ്ട വേദന ആരംഭിക്കുമ്പള്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ഇടയ്ക്കിടയ്ക്ക് ഗാര്‍ഗില്‍ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് തൊണ്ടവേദനയെ കുറയ്ക്കാന്‍ സഹായിക്കും. തൊണ്ട വേദനയുള്ളപ്പോള്‍ തണുപ്പുള്ളത് പരമാവധി ഒഴിവാക്കണം. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുന്നതും തൊണ്ടവേദനയില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.
ജലദോഷത്തോടനുബന്ധിച്ച് ഉണ്ടാകാറുള്ള തുമ്മലിന് ഉത്തമ പരിഹാരമാണ് തേന്‍. തേനില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മലിനെ അകറ്റാന്‍ സഹായിക്കും. പുതിനിയിലയുടെ നീരില്‍ തേനും അല്പം കുരുമുളകും ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ സഹായിക്കും.
തുളസിയിലയും ജലദോഷത്തിന് ഉത്തമ പരിഹാരമാണ്. ചതച്ച തുളസി ഇലയും അല്പം കുരുമുളകും ചേര്‍ത്ത വെള്ളം തിളപ്പിച്ചുകുടിക്കുന്നതും ജലദോഷത്തിനും ചുമയ്ക്കും നല്ലൊരു പരിഹാരമാണ്. ഇഞ്ചിച്ചായ കുടിക്കുന്നതും ജലദോഷത്തിന് ഉത്തമ പരിഹാരമാണ്.
മഴക്കാലമായതിനാല്‍ ജീവിതചര്യങ്ങളില് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കിണറ്റില്‍ നിന്നും പൈപ്പില്‍ നിന്നുമെല്ലാം ലഭിക്കുന്ന വെള്ളം തിളപ്പിച്ച ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വഴിയോരങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന ജ്യൂസുകളും ഭക്ഷണസാധനങ്ങളുമെല്ലാം പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യകരം. വൃത്തിഹാനമായ സാഹചര്യങ്ങളില്‍ നിന്നും കുടിക്കുന്ന പാനയങ്ങള് പലവിധ രോഗങ്ങളിലേയ്ക്കും വഴിതെളിയ്ക്കുന്നു.