ഒഴിവു ദിവസം മീൻ പിടിക്കാൻ ഇറങ്ങി; വലയിൽ കുടുങ്ങിയത് വിചിത്ര മത്സ്യം, വീഡിയോ

September 19, 2019

വലിയ തലയും മെലിഞ്ഞ് നീണ്ട വാലും മുഴുത്ത കണ്ണുകളുമായി ഒരു മത്സ്യം.   രൂപം കണ്ടാൽ ഒരു ദിനോസറാണോയെന്ന് തോന്നിപോകും. കഴിഞ്ഞ ദിവസം നോര്‍വേ തീരത്ത് അന്‍ഡോയ ദ്വീപിന് സമീപം  മീൻ പിടിയ്ക്കാൻ എത്തിയതാണ് ഓസ്കാര്‍ ലുൻതാഹൽ എന്ന  യുവാവ്. നോര്‍ഡിക് സീ ആംഗിളിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ മീൻ പിടിയ്ക്കാൻ എത്തിയതാണ്  ഓസ്കാർ.

കടലിൽ മീൻ പിടിക്കുന്നതിനിടയിൽ വലയിൽ  കുടുങ്ങിയ മീനിനെ കണ്ട് ഓസ്കാർ അമ്പരക്കുകയായിരുന്നു. നീളൻ വാലും വലിയ തലയും വലിയ കണ്ണുകളുമായി എത്തിയ ഓസ്‌കറിന്റെ മത്സ്യത്തിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.


അതേസമയം  റാറ്റ് ഫിഷ് വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണിതെന്നാണ് വിദഗ്ധരുടെ  കണ്ടെത്തൽ. സാധാരണയായി ഇത്തരം മീനുകൾ പസഫിക് സമുദ്രത്തിലാണ് കാണപ്പെടാറുള്ളതെന്നും ഇവ ഇത്തരത്തിൽ വലയിൽ കുടുങ്ങാറില്ലെന്നുമാണ് വിദഗ്ദർ പറഞ്ഞത്.