വോളോകോപ്റ്റര്‍ എയര്‍ ടാക്‌സി; പരീക്ഷണ പറക്കല്‍ വിജയകരം: വീഡിയോ

September 17, 2019

നൂതന ആശയങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ നടവേ അല്ല ഒരുമുഴം മുന്നേ ഓടുകയാണ് ഇക്കാലത്ത് ടെക്‌നോളജി. പുത്തന്‍ ആശയങ്ങളും നൂതന സംവിധാനങ്ങളുമൊക്കെ ടെക്‌നോളജിയെ ദിനംപ്രതി വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ബാറ്ററിയില്‍ പറക്കുന്ന എയര്‍ടാക്‌സിയായ വോളോകോപ്റ്റര്‍ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജര്‍മ്മന്‍ നഗരമായ സ്റ്റുട്ഗര്‍ട്ട് ആണ് പരീക്ഷണ പറക്കലിന് സാക്ഷ്യം വഹിച്ചത്. അതേസമയം ബാറ്ററിയില്‍ പറക്കുന്ന എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കലിനാണ് യൂറോപ്പ് വേദിയായിരിക്കുന്നതെന്നും നിര്‍മ്മാതാക്കളായ വോളോകോപ്റ്റര്‍ ജി എം ബി എച്ച് വ്യക്തമാക്കുന്നു.

Read more:കണ്ണൂരിലെ പൊലീസുകാരനെ തേടിയെത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കത്ത്; ‘ഒരു ക്രിക്കറ്റ് ഭ്രാന്തന് ഇതില്‍പ്പരം എന്തു വേണം’

ഹ്രസ്വദൂര യാത്രയ്ക്ക് ഉപയോഗപ്പെടുത്താനാകുംവിധമാണ് വോളോകോപ്റ്റര്‍ നിര്‍മ്മിക്കുന്നത്. അഞ്ച് വര്‍ഷത്തിനകം വോളോകോപ്റ്റര്‍ വാണിജ്യ അടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് വോളോകോപ്റ്റര്‍ ജി എം ബി എച്ച്, എങ്കിലും യുഎസ്സിലെ മള്‍ട്ടിനാഷ്ണല്‍ കോര്‍പറേഷനും ടെക്‌നോളജി മേഖലയിലെ ഇന്റര് കോര്‍പറേഷന്റെയും ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഡെയ്മ്ലര്‍ എജിയുടെയും സഹകരണവും വോളോകോപ്റ്ററിനുണ്ട്.

വോളോകോപ്റ്റര്‍ പറക്കും ടാക്‌സിയില്‍ രണ്ട് സീറ്റുകളാണുള്ളത്. ശബ്ദം അധികമില്ലാതെയാണ് വോളോകോപ്റ്ററിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ 100 മീറ്റര്‍ അടുത്തെത്തിയാല്‍ മാത്രമേ പറക്കും ടാക്‌സിയുടെ ശബ്ദം കേള്‍ക്കാനാകൂ.