കടലോളം കരുതലുമായി ഗാന്ധിഭവനിലേയ്ക്ക് ഫ്ളവേഴ്‌സിന്റെ സ്‌നേഹത്തുമ്പികള്‍: അമ്മമഴക്കാറ്

September 29, 2019

ഒറ്റപ്പെടലിന്റെ വേദനയില്‍ ഉള്ളു നീറുന്നവര്‍ക്ക് ആഹ്ലാദത്തിന്റെ മധുരം പകരുകയാണ് ഫ്ളവേഴ്‌സ് ടിവി അമ്മമഴക്കാറ് എന്ന പരിപാടിയിലൂടെ. പാട്ടും ചിരിയും വിനോദങ്ങളും സമ്മാനിയ്ക്കുകയാണ് ഗാന്ധിഭവനിലെ പ്രിയപ്പെട്ടവര്‍ക്ക് അമ്മമഴക്കാറ്.

കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്തിഭവന്‍ ആരോരുമില്ലാത്ത അനേകര്‍ക്ക് സ്‌നേഹത്തിന്റെ തണലൊരുക്കുകയാണ്. ബാല/വൃദ്ധ ശരണാലയം, സാന്ത്വന ചികിത്സാലയം, ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ഗാന്ധിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ പുനലൂര്‍ സോമരാജനാണ് ഗാന്ധിഭവന്‍ എന്ന ജീവകാരുണ്യ പ്രസ്ഥാനം ആരംഭിയ്ക്കുന്നത്.

ശൈശവ പ്രായം മുതല്‍ വൃദ്ധവയോധികര്‍ വരെ അടങ്ങുന്ന നിരവധിപേര്‍ ഗാന്ധിഭവനില്‍ അന്തേവാസികളായുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞു കുട്ടികളുടെ ഡേ കെയര്‍, ചില്‍ഡ്രന്‍സ് ഹോം, വൊക്കേഷ്ണല്‍ സ്റ്റഡി സെന്റര്‍-(വൃദ്ധ പരിചരണം, ഹോമിയോ ഡിസ്‌പെന്‍സിംഗ്, യോഗ, തയ്യല്‍ തുടങ്ങിയവയില്‍ പരിശീലനം), സാന്ത്വന ചികിത്സ തുടങ്ങിയവയാണ് ഗാന്ധിഭവന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

അമ്മമഴക്കാറ് ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു.