ചന്ദ്രയാന്‍ 2: പുതുചരിത്രം കുറിയ്ക്കാന്‍ ഇനിയൊരു പകല്‍ദൂരം

September 6, 2019

പുതുചരിത്രം കുറിച്ചുകൊണ്ട് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങാന്‍ ഇനി ബാക്കിയുള്ളത് ഒരു പകല്‍ദൂരം. ശനിയാഴ്ച പുലര്‍ച്ചെ 1.45 നാണ് ഐഎസ്ആര്‍ഒ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ചന്ദ്രയാന്‍ 2 ലക്ഷ്യംവച്ചിരിക്കുന്നത്. ദക്ഷിണധ്രുവത്തിലേയ്ക്കുള്ള ലോകത്തിലെതന്നെ ആദ്യ പരിവേഷണ ദൗത്യമാണ് ചന്ദ്രയാന്‍ 2.

ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമാണ് ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നത്. ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3/എം 1 റോക്കറ്റാണ് ചന്ദ്രയാന്‍ 2 വഹിച്ച് കുതിച്ചുയര്‍ന്നത്. 74 ദിവസംകൊണ്ട് 3.48 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ലക്ഷ്യത്തിലേക്കെത്തുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപീലിയന്‍സ് എന്‍ എന്നീ ഗര്‍ത്തത്തിന് നടുക്ക് പേടകം ലാന്‍ഡ് ചെയ്യിപ്പിക്കാനാണ് ഐഎസ്ആര്‍യുടെ ശ്രമം. ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചാല്‍ 15 മിനിറ്റുകൊണ്ട് ഉപഗ്രഹം 30 കിലോമീറ്റര്‍ സഞ്ചരിച്ച് ലാന്‍ഡിങ് പൂര്‍ത്തിയാക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും നമ്മുടെ ഇന്ത്യ. ഈ ചരിത്രനിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം.