യുവരാജാവായി അജു; റാണിയായി അനശ്വര; ദൃശ്യചാരുതയില്‍ ‘ആദ്യരാത്രി’യിലെ പ്രണയഗാനം

September 25, 2019

ചലച്ചിത്ര ആസ്വാദകര്‍ക്ക് മനോഹരമായൊരു ദൃശ്യവിരുന്ന് സമ്മാനിക്കുകയാണ് ആദ്യരാത്രി എന്ന ചിത്രത്തിലെ പുതിയ പ്രണയഗാനം. അജു വര്‍ഗീസും തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനശ്വര രാജനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യമികവ് തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം.

‘ഞാനെന്നും കിനാവ്…’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. ആന്‍ ആമി, രഞ്ജിത് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു മലയാളികളുടെ പ്രിയതാരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിച്ച ‘വെള്ളിമൂങ്ങ’. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ആദ്യരാത്രി എന്ന ചിത്രത്തെ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. മനോജ് ഗിന്നസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്‌റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീജിത് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.