നടി പാർവതി നമ്പ്യാരുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം
മലയാള ചലച്ചിത്ര താരം പാർവതി നമ്പ്യാർ വിവാഹിതയാകുന്നു. വിനീത് മേനോന്‍ ആണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. പാർവതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘ഏഴു സുന്ദര രാത്രികൾ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. ബിജു മേനോനൊപ്പം ‘ലീല’ എന്ന ചിത്രത്തിലും ‘പുത്തന്‍പണം’, ‘മധുരരാജ’ എന്നീ ചിത്രങ്ങളിലും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പാർവതിയുടേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം പട്ടാഭിരാമനാണ്.
ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം നിർവഹിച്ച പുതിയ ചിത്രമാണ് പട്ടാഭിരാമൻ. തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും തിരുവനന്തപുരം കേന്ദ്രമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.