അധ്യാപകദിനത്തില്‍ പരിശീലകനും വഴികാട്ടിയുമായ അച്‌രേക്കറുടെ ഓര്‍മ്മ പങ്കുവച്ച് സച്ചിന്‍

September 5, 2019

ഇന്ന് സെപ്തംബര്‍ അഞ്ച്, അധ്യാപകദിനം. നിരവധിപേരാണ് പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും തന്റെ കോച്ചും വഴികാട്ടിയുമായ രമാകാന്ത് അച്‌രേക്കറുടെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് അധ്യാപക ദിനത്തില്‍.

ക്രിക്കറ്റ് മൈതാനത്തിലും ജീവിതത്തിലും സ്‌ട്രൈറ്റ് ആയി കളിക്കാനാണ് അച്‌രേക്കര്‍ തന്നെ പഠിപ്പിച്ചതെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. അച്‌രേക്കര്‍ക്കൊപ്പമുള്ള പഴയകാല ചിത്രവും താരം പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകളാണ് തന്നെ ഇന്നും മുന്നോട്ടു നയിക്കുന്നതെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 1932 ല്‍ ജനിച്ച അച്‌രേക്കര്‍ ഒരു കളിക്കാരനേക്കാള്‍ ഉപരി നല്ലൊരു പരിശീലകനായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ എന്ന നിലയിലാണ് അച്‌രേക്കര്‍ കൂടുതല്‍ പ്രശസ്തനായത്. 1990- ല്‍ അച്‌രേക്കര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. 2010-ല്‍ പദ്മശ്രീ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

Read more:‘ഈ ഒരവസ്ഥയില്‍ ആ പഴയ ടീച്ചറുടെ മുന്നിലെങ്ങാനും ചെന്നുപെട്ടാല്‍….’ ശ്രദ്ധേയമായി അധ്യാപകദിന സ്‌പെഷ്യല്‍ വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ പരിശീലകനാണ് അച്‌രേക്കര്‍.