“പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതല്‍ ഇഷ്ടം” എന്ന് ചോദ്യം; ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി മോഹന്‍ലാല്‍: വീഡിയോ

September 13, 2019

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം, മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. വെള്ളിത്തിരയില്‍ എക്കാലത്തും കൈയടി നേടാറുണ്ട് മോഹന്‍ലാലിന്റെ ഡയലോഗുകള്‍. ഇപ്പോഴിതാ സിനിമയ്ക്ക് പുറത്ത് ഒരു പരിപാടിയില്‍ താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ ചാനലാണ് ഫ്ളവേഴ്‌സ് ടിവി. ഓണത്തോട് അനുബന്ധിച്ച് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ‘ടോപ് ആക്ടര്‍ ലാലേട്ടന്‍ വിത് ടോപ് സിംഗേഴ്‌സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് മോഹന്‍ലാല്‍. ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്കൊപ്പം പാട്ടും കൊച്ചുവര്‍ത്തമാനങ്ങളുമൊക്കെയായി മോഹന്‍ലാല്‍ കൂടി ചേര്‍ന്നതോടെ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതു വസന്തമൊരുക്കിയാണ് ഫ്ളവേഴ്‌സ് ഓണത്തെ വരവേറ്റത്.

അതേസമയം പരിപാടിയില്‍ മോഹന്‍ലാലിനെ തേടി ഒരു ചോദ്യമെത്തി. ഫ്ളവേഴ്സ് ടോപ് സിംഗറിലെ പാട്ടുകാരനായ സൂര്യ നാരായണനായിരുന്നു ഈ ചോദ്യത്തിന് പിന്നില്‍. ‘ പ്രണവ് മോഹന്‍ലാലിനെയാണോ ദുല്‍ഖര്‍ സല്‍മാനേയാണോ കൂടുതല്‍ ഇഷ്ടം’ എന്നതായിരുന്നു ചോദ്യം. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. “പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും മക്കളെപോലെയാണ്. രണ്ട് പേരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കുന്നത് അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കുന്നതു പോലെയാണ്. രണ്ട് പേരേയും ഇഷ്ടമാണ്. പക്ഷെ, കൂടുതല്‍ ഇഷ്ടം ഫഹദ് ഫാസിലിനെയാണ്”. മോഹന്‍ലാലിന്റെ മറുപടി നിറചിരിയോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകരും.