വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി ടൊവിനോ; ‘നിങ്ങൾ മഴ നനയുമ്പോൾ ഞാൻ എങ്ങനെ കുട ചൂടും’, വീഡിയോ

September 3, 2019

യുവനടന്മാരിൽ നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. യാതൊരു സിനിമ ബാക്ക്ഗ്രൗണ്ടുമില്ലതെ വന്ന് സിനിമ പ്രേമികളുടെ മുഴുവൻ ഇഷ്ടനടനായി മാറിയ താരത്തിന്റെ അഭിനയമികവിനൊപ്പം എടുത്തുപറയുന്ന ഒന്നാണ് സാമൂഹ്യ പ്രതിബദ്ധതയും. താര അലങ്കാരങ്ങളെല്ലാം മാറ്റിവച്ച് പ്രളയകാലത്ത് ജനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട താരത്തിന് സോഷ്യൽ മീഡിയയിലും നിരവധിയാണ് ആരാധകർ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍ കൂടിയാണ് ടൊവിനോ.

ഇപ്പോഴിതാ ടൊവിനോയെ കാണാൻ എത്തിയ ആരാധകരോടുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. മഴ നനഞ്ഞ് താന്നെക്കാണാൻ കാത്തുനിന്ന ആരാധകരോട് ‘നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിനാണ് കുട’ എന്ന് ചോദിച്ചുകൊണ്ടാണ് താരം ആരാധകരുടെ ഹൃദയം കവർന്നത്. ഇതിനോടകം നിരവധിയാളുകളാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും ആക്ഷനുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ.

Read more: ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍; ‘ദ് സോയ ഫാക്ടറി’ലെ ആദ്യ ഗാനം കാണാം

ടൊവിനോ തോമസിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് എടക്കാട് ബറ്റാലിയൻ 06, കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്നിവ. താരത്തിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം നവാഗതനായ പ്രവീണ്‍ പ്രഭാകര്‍ സംവിധാനം നിർവഹിച്ച കൽക്കിയാണ്.  പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്.