ലോകത്ത് ആദ്യമായി കടലിൽ ഒഴുകിനടക്കുന്ന പൊലീസ് സ്റ്റേഷൻ ഒരുങ്ങുന്നു; ചിത്രങ്ങൾ

October 11, 2019

കുറ്റകൃത്യങ്ങൾ തടയാനും കൂടുതൽ ജനപ്രിയമാകുന്നതിനുമായി നിരവധി സംവിധാനങ്ങളാണ് ദിവസവും പൊലീസ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കടലിൽ ഒഴുകി നടക്കുന്ന പൊലീസ് സ്റ്റേഷൻ എന്ന ആശയവുമായി എത്തുകയാണ് ദുബായ് പൊലീസ് സ്റ്റേഷൻ. ദുബായ് വേൾഡ് ഐലന്റിനു സമീപത്തായി 2020 പകുതിയോടെ പ്രവർത്തന സജ്ജമാകാനൊരുങ്ങുന്ന പൊലീസ് സ്റ്റേഷൻ ലോകത്ത് ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

വാട്ടർ സ്പോർട്സിൽ പങ്കെടുക്കുന്നവർക്കും, ബോട്ട് യാത്രക്കാർക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കടലിൽ ഒഴുകി നടക്കുന്ന പൊലീസ് സ്റ്റേഷൻ അവതരിപ്പിക്കപ്പെടുന്നത്.

അതേസമയം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും കുറ്റവാളികളെ എളുപ്പത്തിൽ പിടികൂടുന്നതിനുമായി നിർബന്ധിത ബുദ്ധി ഉപയോഗിച്ച് ഒരുക്കിയ പുതിയ സംവിധാന സംരംഭമാണ് ഒയൂൻ ഹൈടെക്. ഇതിന്റെ ഭാഗമായി നിരവധി പുതിയ സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ സംഘടിപ്പിച്ച ജൈറ്റക്‌സിലാണ് പുതിയ ആശയങ്ങൾ ദുബായ് പൊലീസ് അവതരിപ്പിച്ചത്.

സ്മാർട്ട് പൊലീസ് സ്റ്റേഷൻ, സമുദ്രത്തിൽ സഞ്ചരിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തുന്നതിനുള്ള ആപ്പ്, വിനോദയാത്രകൾ പോകുമ്പോൾ വീടിന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സഹായം തുടങ്ങി നിരവധി ആശയങ്ങളാണ് ദുബായ് പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.