കരുത്തുറ്റ മുടിയ്ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങൾ!!

October 11, 2019

പുരുഷനെയും സ്ത്രീയെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകാഹാരത്തിന്റെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, വളരെ നേരം വെയിലിലും ചൂടിലും നില്‍ക്കുന്നതോടെ തലയിൽ വിയർപ്പിന്റെ അംശം  ഉണ്ടാകുന്നത്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന്‌ പിന്നിലെ കാരണങ്ങൾ. മുടിയുടെ സംരക്ഷണത്തിന് സഹായകരമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ധാന്യങ്ങള്‍

തവിട് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയും ഇത്തരം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

നെല്ലിക്ക

ആരോഗ്യകാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. മുഖകാന്തിക്കും ഉത്തമമായ നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്.

കറിവേപ്പില

കറിവേപ്പില ധാരാളമായി അടങ്ങിയ കറികള്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടി സമൃദ്ധമായി വളരുന്നതിനും കറിവേപ്പില ഉത്തമമാണ്.

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുടെ അറ്റംപൊട്ടുന്നത് തടയുന്നതിനും ഇലക്കറികള്‍ സഹായകരമാണ്. മുരിങ്ങയിലയും ചീരയിലയുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും.

മത്സ്യങ്ങള്‍

പ്രോട്ടീനും കാല്‍സ്യവും ധാരളമടങ്ങിയ മത്സ്യങ്ങള്‍ ഇന്ന് സുലഭമാണ്. ഇവ മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും സഹായിക്കും. മുടി കൊഴിയുന്നത് തടയാനും പുതിയ മുടി കിളിര്‍ക്കുന്നതിനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

മുട്ട 

പ്രോട്ടീന്‍ ധാരാളമടങ്ങിയ മുട്ടയും മാംസവിഭവങ്ങളുമെല്ലാം മുടിയുടെ വളര്‍ച്ചയെ സഹായിക്കാറുണ്ട്. ഒപ്പം മുട്ടയുടെ വെള്ളയും മുടിയ്ക്ക് നല്ലതാണ്. ഭക്ഷണകാര്യത്തില്‍ ഒല്പം ശ്രദ്ധ ചെലുത്തിയാല്‍ അഴകുള്ള തലമുടിയും സ്വന്തമാക്കാം.